അമേരിക്ക : ലോകം കണ്ട ഏറ്റവും വലിയ ചാവേര്‍ ആക്രമണത്തിന് ഇന്ന് 21 വയസ്സ്. അമേരിക്കയുടെ ഇരട്ട കെട്ടിടങ്ങളായ വേൾഡ് ട്രേഡ് സെന്റിലേക്ക് അൽഖ്വയ്ദാ ഭീകരർ വിമാനങ്ങൾ ഇടിച്ചു കയറിയത് 2001 സെപ്റ്റംബർ 11 ന്. അമേരിക്കയിൽ സമയം രാവിലെ 8.46. ഇന്ത്യയിൽ അപ്പോൾ വൈകിട്ട് 6.16. ലോകം മരവിച്ചു നിന്ന നിമിഷം. ആഗോള വ്യാപാരത്തിന്റെ സിരാകേന്ദ്രങ്ങളിലൊന്നായ വേൾഡ് ട്രേഡ് സെന്റർ ടവറുകളിൽ ഒന്നിലേക്ക് ഒരു വിമാനം ഇടിച്ചിറങ്ങുകയായിരുന്നു.
ആയിരങ്ങള്‍ മരിച്ചു വീണു. ഇസ്ലാമിക തീവ്രവാദ സംഘടനയായ അൽഖയ്ദയിലെ 19 അംഗങ്ങൾ നാല് അമേരിക്കൻ യാത്രാവിമാനങ്ങൾ റാഞ്ചി. ഇതിൽ രണ്ടെണ്ണം ന്യൂയോർക്ക് സിറ്റിയിലെ മാൻഹട്ടനിലുളള ലോകവ്യാപാര കേന്ദ്രത്തിന്റെ ഇരട്ട ടവറുകളിലേക്ക് ഇടിച്ചു കയറ്റി. മിനിറ്റുകൾക്കകം ഇരു ടവറുകളും നിലം പൊത്തി. ഇതേ സമയം തന്നെ റാഞ്ചിയെടുത്ത മൂന്നാമത്തെ വിമാനം, മറ്റൊരു സംഘം വിർജീനിയയിലുള്ള പെന്റഗൺ ആസ്ഥാന മന്ദിരത്തിലേക്ക് ഇടിച്ചിറക്കി. നാലാമതൊരു വിമാനം റാഞ്ചിയിരുന്നെങ്കിലും യാത്രക്കാരുടെ ചെറുത്തു നിൽപ്പിനെത്തുടർന്ന് പെൻസിൽവാനിയായിലെ സോമർസെറ്റ് കൌണ്ടിയിലുള്ള ഒരു പാടശേഖരത്തിൽ തകർന്നു വീഴുകയായിരുന്നു.