കണ്ണൂർ : സംസ്ഥാനത്ത് മദ്യവിൽപ്പന ശാലകൾ തുറക്കുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനം ഒന്നും ആയിട്ടില്ലെന്ന് മന്ത്രി എംവി ഗോവിന്ദൻ. ഇതെക്കുറിച്ചുള്ള കൂടിയാലോചനകൾ നടക്കുന്നതേ ഉള്ളു എന്നും മന്ത്രി കണ്ണൂരിൽ പറഞ്ഞു. കൊവിഡ് വ്യാപന പശ്ചാത്തലത്തിലാണ് ലോക്ക്ഡൗൺ ഏര്‍പ്പെടുത്തിയത്. എല്ലാ സ്ഥാപനങ്ങളും ഇതിന്റെ ഭാഗമായി അടഞ്ഞ് കിടക്കുകയാണ്. മദ്യശാലകൾ മാത്രമായി തുറക്കാനാകില്ല, അതുകൊണ്ട് തന്നെ അങ്ങനെ ഒരു തീരുമാനവും ഇല്ല. എല്ലാം തുറക്കുമ്പോൾ മദ്യവിൽപ്പന ശാലകളും തുറക്കാമെന്നാണ് സര്‍ക്കാർ നിലപാടെന്നും മന്ത്രി വിശദീകരിച്ചു.
നിലവിൽ കള്ളുഷാപ്പുകളിൽ നിന്ന് കള്ള് പാര്‍സലായി നൽകുന്നുണ്ട്. കള്ള് പെട്ടെന്ന് ചീത്തയായി പോകുമെന്ന കാരണത്താലാണ് പാര്‍സൽ നൽകാൻ തീരുമാനിച്ചത്. മദ്യകടത്ത് തടയാൻ കർശന നടപടി എക്സൈസ് സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി എംവി ഗോവിന്ദൻ പറഞ്ഞു.
കശുമാങ്ങയിൽ നിന്നും മദ്യം ഉത്പാദിപ്പിക്കുന്ന പദ്ധതി നടപ്പാക്കാൻ പല നൂലാമാലകൾ ഉണ്ട്. കൂടുതൽ പരിശോധന നടത്തിയേ ഇതെല്ലാം നടപ്പാക്കാനാവുകയുള്ളു. എന്നാൽ കശുവണ്ടി കർഷകരെ സഹായിക്കാൻ പറ്റുന്ന ഈ പദ്ധതി ഒഴിവാക്കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. നീരക്ക് വേണ്ട പോലെ മാർക്കറ്റ് കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു.