പത്തനംതിട്ട : പത്തനംതിട്ട പഴയ പ്രൈവറ്റ് ബസ് സ്റ്റാന്റിലെ നിലവിലെ ടോയിലറ്റുകള്‍ പൊളിച്ചുമാറ്റി ടോയ് ലെറ്റ് കോംപ്ലക്സ് സ്ഥാപിക്കുന്നതിനുളള നടപടി ഉണ്ടാകണമെന്നും ആവശ്യമെങ്കില്‍ എം.എല്‍.എ ഫണ്ട് അനുവദിക്കുമെന്നും വീണാ ജോര്‍ജ് എം.എല്‍.എ പറഞ്ഞു. കോഴഞ്ചേരി താലൂക്ക് ഓഫീസില്‍ നടന്ന താലൂക്ക് വികസന സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു വീണാ ജോര്‍ജ് എം.എല്‍.എ.
കൊറോണ വൈറസ് ബാധ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ചൈനയില്‍ നിന്നും നാട്ടില്‍ എത്തിച്ചേര്‍ന്നിട്ടുളള ആളുകള്‍ നിര്‍ബന്ധമായും മെഡിക്കല്‍ പരിശോധന നടത്തി രോഗം ബാധിച്ചിട്ടില്ലായെന്ന് പഞ്ചായത്ത് തലത്തില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ ഉറപ്പാക്കണമെന്ന് എം.എല്‍.എ നിര്‍ദേശിച്ചു. നാരങ്ങാനം, മല്ലപ്പുഴശ്ശേരി, ഇലന്തൂര്‍ പഞ്ചായത്തുകളില്‍ അനുഭവപ്പെടുന്ന രൂക്ഷമായ പന്നിശല്യം പരിഹരിക്കുന്നതിന് കര്‍ഷകരെകൂടി ഉള്‍പ്പെടുത്തി പഞ്ചായത്ത് തലത്തില്‍ ജനജാഗ്രത സമിതി കൂടണം. വേനല്‍ക്കാലത്തെ ജലക്ഷാമം രൂക്ഷമാകുന്നതിനു മുന്‍പുതന്നെ കുടിവെളള വിതരണം ആരംഭിക്കണം. പി.ഐ.പി. കനാല്‍, സബ് കനാല്‍ എന്നിവിടങ്ങളിലെ ലീക്കേജ് കണ്ടെത്തി പരിഹരിച്ച് പൊതുജനങ്ങള്‍ക്ക് ജലം ലഭ്യമാക്കുന്നതിനുളള നടപടി സ്വീകരിക്കണം.
കോഴഞ്ചേരി, പത്തനംതിട്ട വില്ലേജുകളില്‍ റീസര്‍വെ നടപടികള്‍ അടിയന്തരമായി പുനരാരംഭിക്കണമെന്ന് വീണാ ജോര്‍ജ് എം.എല്‍.എ ആവശ്യപ്പെട്ടു. പരിയാരം-ഓമല്ലൂര്‍ റോഡില്‍ ഇലന്തൂര്‍ നെടുവേലി ജംഗ്ഷന്‍ മുതല്‍ മാര്‍ക്കറ്റ് ജംഗ്ഷന്‍ വരെയുളള പൈപ്പ് ലൈനുകളില്‍ ഏകദേശം അഞ്ച് ഭാഗത്ത് ലീക്കേജുളളതിനാല്‍ ഹരിജന്‍ കോളനി, മൈലാടുംപാറ എന്നീ ഭാഗത്തേക്ക് ജലം എത്തുന്നില്ലെന്നും പരിഹാര നടപടി ഉടന്‍ സ്വീകരിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.
കോഴഞ്ചേരി ടി.ബി. ജംഗ്ഷന് സമീപമുളള സ്തുതിക്കാട്ടുപടി ഭാഗത്ത് പ്രവര്‍ത്തനമില്ലാതെ കിടക്കുന്ന 11 കെ.വി വൈദ്യുതി ലൈന്‍ മാറ്റുന്നതിനുവേണ്ട നടപടി സ്വീകരിക്കണം. കോഴഞ്ചേരി കൊല്ലീരേത്ത് അമ്പലത്തിന് സമീപമുളള നിലം അനധികൃതമായി മണ്ണിട്ട് നികത്തിയത് പുന:സ്ഥാപിക്കണം. വരള്‍ച്ചയുമായി ബന്ധപ്പെട്ട് എരുമക്കാട് ഭാഗത്തുളള പി.ഐ.പി. കനാല്‍, സബ് കനാല്‍ എന്നിവയിലുളള കാട് വൃത്തിയാക്കി വെളളം എത്തിക്കുന്നതിനുളള നടപടി സ്വീകരിക്കണം. പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനില്‍ ജില്ലാ ട്രഷറി ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ ലിഫ്റ്റ് സൗകര്യം അനുവദിക്കണമെന്നും യോഗത്തില്‍ ആവശ്യം ഉയര്‍ന്നു. ആറന്മുള-ചെങ്ങന്നൂര്‍ പി.ഡബ്ല്യു.ഡി റോഡില്‍ കോഴിപ്പാലം വളവു തിരിയുന്ന ഭാഗവും, വല്ലന എസ്.എന്‍.ഡി.പി. സ്‌കൂളിന് സമീപവും അപകടമേഖലയായി മാറുന്ന ഭാഗങ്ങളില്‍ സ്പീഡ് ബ്രേക്കര്‍ സ്ഥാപിക്കുന്നതിനുളള നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാം മോഹന്‍, നാരങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് കടമ്മനിട്ട കരുണാകരന്‍, ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐഷാ പുരുഷോത്തമന്‍, ആറന്മുള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസാദ് വേരുങ്കല്‍, ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി മുകുന്ദന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍, തഹസില്‍ദാര്‍ കെ. ഓമനക്കുട്ടന്‍, തഹസില്‍ദാര്‍ (ഭൂരേഖ) വി.എസ് വിജയകുമാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ ബി. ബാബുലാല്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.