തിരുവല്ല : ഇഴജന്തുകളുടെയും സാമൂഹ്യ വിരുദ്ധരുടേയും താവളമായി മാറുകയാണ് തിരുവല്ല നഗരസഭ മുന്‍സിപ്പല്‍ സുവര്‍ണ്ണ ജൂബിലി കോംപ്ലക്സിലെ ശൗചാലയം. ഏകദേശം നാല്പതോളം വ്യാപാര സ്ഥാപനങ്ങളുള്ള കോപ്ലക്സില്‍ നിരവധി ആളുകള്‍ ജോലി ചെയ്യുന്നുണ്ടെങ്കിലും നിലവില്‍ ഒരേയൊരു ശൗചാലയം മാത്രമാണ് ഉപയോഗിക്കാന്‍ കഴിയുന്നത്. മൂന്ന് ശൗചാലയങ്ങള്‍ ഉള്ളതില്‍ രണ്ടെണ്ണം പ്രവര്‍ത്തനരഹിതമായതാണ് ഇതിന് കാരണം. നിലവില്‍ ആളുകള്‍ ഉപയോഗിക്കുന്ന ശൗചാലയം വൃത്തിഹീനവുമാണ്. നഗരസഭ ഇത് വൃത്തിയാക്കാത്തതിനാല്‍ പലപ്പോഴും തൊഴിലാളികള്‍ തന്നെയാണ് ശൗചാലയം വൃത്തിയാക്കുന്നത്.
ശൗചാലയം കാടുകയറി കിടക്കുന്നത് കാരണം ഇഴജന്തുക്കളുടെ ശല്യവും വര്‍ധിച്ചിട്ടുണ്ട്. രാത്രികാലങ്ങളില്‍ സാമൂഹ്യ വിരുദ്ധരുടെ ശല്യവും രൂക്ഷമാണ്. പോലീസ് പരിശോധനയും ഇവിടെ നടക്കുന്നില്ലെന്നാണ് ആക്ഷേപം. ബസ് സ്റ്റാന്‍റിലെത്തുന്ന യാത്രക്കാര്‍ ഉള്‍പ്പെടെ സമീപത്തെ കുറ്റിക്കാടുകളെയാണ് പ്രാഥമിക ആവശ്യങ്ങള്‍ക്കായി ആശ്രയിക്കുന്നത്. ശൗചാലയം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലെ കാടുകള്‍ നീക്കം ചെയ്ത് കെട്ടിടം ഉപയോഗപ്രദമാക്കുകയും സാമൂഹ്യ വിരുദ്ധശല്യം കുറയ്ക്കുവാന്‍ ഇവിടെ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കണമെന്നും ആവശ്യം ശക്തമാണ്.































