എടക്കര : തക്കാളിയുടെ വില കുത്തനെ ഇടിഞ്ഞതോടെ കര്‍ഷകര്‍ക്ക് കനത്ത നഷ്ടം. കൊയ്തെടുത്താല്‍ നഷ്ടം ഇനിയും വര്‍ദ്ധിക്കുമെന്നതിനാല്‍ കേരള-കര്‍ണാടക അതിര്‍ത്തിയിലെ ഗുണ്ടല്‍പേട്ടിലെ ഗ്രാമങ്ങളിലെ ഏക്കര്‍ കണക്കിന് കൃഷിയിടങ്ങളിലാണ് തക്കാളി നശിപ്പിക്കുന്നത്. സൂര്യകാന്തി പൂക്കളും ചെണ്ടുമല്ലിയും നിറഞ്ഞ പൂന്തോട്ടങ്ങള്‍ക്കപ്പുറം പോയാല്‍, നശിച്ച തക്കാളിത്തോട്ടങ്ങള്‍ കാണാം.
ടൂറിസ്റ്റുകള്‍ക്ക് വേണമെങ്കില്‍ തക്കാളി പറിച്ചെടുക്കാം. ആരും തടയില്ല. പറിച്ചെടുത്ത് കൊണ്ടുപോകാനാണ് കര്‍ഷകര്‍ തന്നെ പറയുന്നത്. “ഒരു മാസം മുമ്പ് കിലോയ്ക്ക് 70 രൂപയും 80 രൂപയും ഞങ്ങള്‍ക്ക് ലഭിച്ചിരുന്നു. ഇപ്പോള്‍ 2 രൂപയും 3 രൂപയും ലഭിക്കുന്നു. കൃഷി ചെയ്ത വകയില്‍ തന്നെ വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. വിളവെടുപ്പ് നടത്തിയാല്‍, വേതനം നല്‍കുന്നതിലൂടെ നഷ്ടം ഇനിയും വര്‍ദ്ധിക്കും,” കര്‍ഷകര്‍ പറഞ്ഞു.
കഴിഞ്ഞ ബലി പെരുന്നാള്‍ സമയത്ത് വിപണിയില്‍ ഒരു കിലോ തക്കാളിയുടെ വില 100 രൂപയായിരുന്നു. നിലവില്‍ കടയില്‍ നിന്ന് തക്കാളി വാങ്ങുമ്പോള്‍ പരമാവധി വില 15 രൂപ വരെയാണ്. ഗുണ്ടല്‍പേട്ടിലെ ബീമന്‍ബിട്ട, കനൈഹളള, ബിച്ചനഹള്ള, കന്നേലു, ബേരമ്പടി, ഒങ്കളി തുടങ്ങിയ ഗ്രാമങ്ങളിലാണ് തക്കാളി കൃഷി കൂടുതലും നടക്കുന്നത്.