തിരുവനന്തപുരം : സിഎജി റിപ്പോര്‍ട്ടിൽ പരാമര്‍ശിക്കുന്ന വിധത്തിൽ സംസ്ഥാന പോലീസിന്റെ റൈഫിളുകൾ കാണാതായിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി. തിരുവനന്തപുരം എസ്എപി ക്യാമ്പിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. സംസ്ഥാനത്തെ എല്ലാ ബെറ്റാലിയനുകളിൽ നിന്നും ക്യാമ്പുകളിൽ നിന്നും റൈഫിളുകൾ പരിശോധനക്ക് ഹാജരാക്കാൻ നിര്‍ദ്ദേശം നൽകിയിരുന്നു. ഇതനുസരിച്ചാണ് ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരിയും സംഘവും എത്തി പരിശോധന നടത്തിയത്.
പോലീസിന്റെ കയ്യിലുള്ള 606 ഓട്ടോമാറ്റിക് റൈഫിളുകളിൽ 25 റൈഫിളുകൾ നഷ്ടമായെന്നാണ് സിഎജി കണ്ടെത്തൽ . സീരിയൽ നമ്പർ അനുസരിച്ചായിരുന്നു പരിശോധന. 660 റൈഫിളുകളിൽ 13 തോക്കുകൾ ഒഴികെ ബാക്കി എല്ലാ തോക്കുകളും പോലീസ് ഹാജരാക്കി. ഐആര്‍ ബെറ്റാലിയനിൽ മണിപ്പൂരിൽ പരിശീലനത്തിന് പോയവരുടെ കയ്യിലുള്ള തോക്കുകളുടെ ദൃശ്യങ്ങൾ തച്ചങ്കരിയേയും സംഘത്തെയും കാണിച്ചു. ഈ തോക്കുകൾ മാര്‍ച്ച് മാസത്തോടെ കേരളത്തിൽ തിരിച്ചെത്തിക്കും. എല്ലാ തോക്കുകളും ഉണ്ടെന്ന പ്രാഥമിക നിഗമനത്തിൽ ക്രൈംബ്രാഞ്ച് എത്തുകയാണെന്നാണ് തച്ചങ്കരി വിശദീകരിച്ചത്
കഴിഞ്ഞ ഓഗസ്റ്റിൽ രജിസ്റ്റര്‍ ചെയ്ത കേസിൽ ക്രൈം ബ്രാഞ്ച് അടുത്തിടെയാണ് അന്വേഷണം ശക്തമാക്കിയത്. എവിടെയെങ്കിലും പ്രശ്നവും അക്രമവും ഉണ്ടാകുമ്പോൾ അവിടെ സമാധാനത്തിനും നീതിക്കും വേണ്ടി ഇടപെടേണ്ട ഫോഴ്സാണ് പോലീസ്. അതിന്റെ ഗൗരവത്തോടെയാണ് കേസിനെ കാണുന്നതെന്നും തച്ചങ്കരി പറഞ്ഞു.
തിരകൾ കാണാതായ കേസിൽ അന്വേഷണം സത്യസന്ധമായും സുതാര്യമായും നടത്തി രണ്ട് മാസത്തിനകം കുറ്റപത്രം സമര്‍പ്പിക്കും. എത്ര ഉയര്‍ന്ന പദവിയായാലും ആവശ്യമെങ്കിൽ അറസ്റ്റ് അടക്കം നടപടി ഉണ്ടാകും. സിബിഐക്ക് കേസ് പോകണമെന്ന് പറയുന്നതിൽ അര്‍ത്ഥമില്ല. കാര്യക്ഷമതയുള്ള അന്വേഷണ സംഘമാണെന്ന് ക്രൈംബ്രാഞ്ച് തെളിയിച്ചിട്ടുണ്ട്. നേരിട്ടുള്ള പരിശോധന പോലും സുതാര്യമാക്കാനാണ് ശ്രമിച്ചത്. എത്ര ഉന്നതനായാലും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും തച്ചങ്കരി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.