കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കൊല്ലം സ്വദേശിയായ പാസ്റ്റർക്ക് പത്തുവർഷം കഠിനതടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കൊല്ലം പിറവത്തൂർ മരങ്ങാട്ട് പുത്തൻവീട്ടിൽ പി.ജി. മത്തായി(സണ്ണി – 55)യെയാണ് കോടതി ശിക്ഷിച്ചത്. അഡീഷണൽ ജില്ലാ കോടതി ഒന്ന് (പോക്സോ) ജഡ്ജി കെ.എൻ. സുജിത്ത് ആണ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒരു വർഷം കഠിനതടവ് കൂടി അനുഭവിക്കേണ്ടി വരുമെന്നും കോടതി ഉത്തരവിൽ പറയുന്നു.
2014-15 വർഷമായിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടിയും അമ്മയും ആരാധനയ്ക്കു പോയിരുന്ന സ്ഥലത്തെ പാസ്റ്ററായിരുന്ന ഇദ്ദേഹം. 2017-ൽ കുട്ടിയെ ചൈൽഡ്ലൈൻ കൗൺസലിംഗിന് വിധേയയാക്കിയതോടെയാണ് പാസ്റ്റർ പീഡിപ്പിച്ച വിവരം പുറത്തറിഞ്ഞത്. ഏറ്റുമാനൂർ പോലീസ് ആണ് പാസ്റ്റർക്കെതിരേ കേസെടുത്ത് അന്വേഷണം നടത്തിയത്. ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫീസറായിരുന്ന നിലവിലെ പാലാ ഡിവൈഎസ്പി എ.ജെ. തോമസാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ എം.എൻ. പുഷ്കരൻ കോടതിയിൽ ഹാജരായി.





























