പത്തനംതിട്ട : സാമൂഹ്യ പ്രവർത്തക ഡോ.എം.എസ്. സുനിൽ നിര്‍ധനരായ കുടുംബങ്ങൾക്ക് നിര്‍മ്മിച്ച് നൽകുന്ന 382 -മത് സ്നേഹഭവനം അടൂർ ആനന്ദപ്പള്ളി പുത്തൻചന്ത ചന്ദ്രവിലാസത്തിൽ വിധവയായ ഉഷയ്ക്കും മകൾക്കുമായി അമേരിക്കയിലെ സാന്റിയോ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ചർച്ചിന്റെ സഹായത്താൽ നിർമ്മിച്ചു നൽകി. വീടിന്റെ താക്കോൽദാനം പള്ളി വികാരി ഫാ.സുനോജ് ഉമ്മൻ നിർവഹിച്ചു. വിവിധ ശാരീരിക മാനസിക പ്രശ്നങ്ങളാൽ ബുദ്ധിമുട്ടിയിരുന്ന ഉഷയും മകൾ രഞ്ജിമയും സ്വന്തമായ ഒരു ഭവനം നിർമ്മിക്കുവാനായി യാതൊരുവിധ നിവൃത്തിയുമില്ലാതെ ദുരിത ജീവിതം അനുഭവിക്കുകയായിരുന്നു. അടച്ചുറപ്പുള്ള ഒരു സുരക്ഷിത വീടിന് വേണ്ടി പലരെയും ഇവര്‍ സമീപിച്ചിരുന്നു.
എന്നാല്‍ ആരും സഹായിക്കാതെ വന്നപ്പോൾ സുരക്ഷിതമായി കഴിയാൻ ഒരു മുറിയെങ്കിലും നിര്‍മ്മിച്ച് നല്‍കി സഹായിക്കണം എന്ന് അഭ്യര്‍ഥിച്ച് ഇവർ സുനില്‍ ടീച്ചറിനെ സമീപിക്കുകയായിരുന്നു. ഇവരുടെ അവസ്ഥ നേരിൽ കണ്ട് മനസ്സിലാക്കിയ ടീച്ചർ ഇവർക്കായി പള്ളിയിലെ അംഗങ്ങൾ നൽകിയ തുക ഉപയോഗിച്ച് 2 മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ വീട് നിർമ്മിച്ചു നൽകുകയായിരുന്നു. ചടങ്ങിൽ വാർഡ് കൗൺസിലർ സനൽ കുമാർ, മുൻ വാർഡ് കൗൺസിലർ അപ്സര സനൽ, ഡോ.സന്തോഷ് ബാബു, പ്രോജക്ട് കോഡിനേറ്റർ കെ.പി.ജയലാൽ, ബെന്നി കോയിക്കലേത്ത്, അനിതാ രാജൻ, ആനി ജോർജ് എന്നിവർ പങ്കെടുത്തു.





























