ജയ്പൂർ : ഒന്നാം ക്ലാസ്സിലേക്ക് മകൾക്ക് പ്രവേശനം തേടിയ ഒരു അച്ഛൻ പങ്കുവെച്ച ഫീസ് ഘടന കണ്ടാൽ ആരും ഞെട്ടിപ്പോവും. ഒരു വർഷത്തേക്കുള്ള ആകെ ഫീസ് 4.27 ലക്ഷം രൂപ. വർഷം 20 ലക്ഷം രൂപ വരുമാനമുണ്ടായാലും ഈ ഫീസ് നിരക്ക് താങ്ങാൻ കഴിയുമോയെന്ന് അദ്ദേഹം ചോദിക്കുന്നു. ‘നല്ല വിദ്യാഭ്യാസമെന്നത് ഇന്ന് ആഡംബരമാണ്. മധ്യവർഗത്തിന് താങ്ങാൻ കഴിയാത്തതാണ്’- എന്ന കുറിപ്പോടെ ജയ്പൂരിലെ ഒരു സ്‌കൂളിലെ ഒന്നാം ക്ലാസ്സിലെ ഒരു വർഷത്തെ ഫീസ് ഘടന റിഷഭ് ജെയിൻ എന്നയാളാണ് പങ്കുവെച്ചത്. മകളെ അടുത്ത വർഷം ഒന്നാം ക്ലാസ്സിൽ ചേർക്കണം. നഗരത്തിലെ സ്കൂളുകളിലൊന്നിലെ ഫീസ് നിരക്കാണിത്. മറ്റ് സ്കൂളുകളിലും സമാന സ്ഥിതിയാണെന്ന് ജെയിൻ കുറിച്ചു.
സമൂഹ മാധ്യമമായ എക്സിൽ പങ്കുവച്ച ഈ കുറിപ്പ് ഇതിനകം ഒന്നര മില്യണ്‍ പേർ കണ്ടുകഴിഞ്ഞു. നിരവധി പേർ കമന്‍റുമായെത്തി. ചിലർ സ്കൂൾ ഫീസിനെക്കുറിച്ചുള്ള അച്ഛന്‍റെ ആശങ്കകൾക്കൊപ്പം നിന്നപ്പോൾ മറ്റു ചിലർ വിമർശനവുമായി രംഗത്തെത്തി. സർക്കാർ ഭൂമിയും മറ്റ് സൗകര്യങ്ങളും സബ്‌സിഡി നിരക്കിൽ നൽകുന്നതിനാൽ ഇന്ത്യയിലെ സ്‌കൂളുകൾ ലാഭരഹിതമായി മാത്രമേ പ്രവർത്തിപ്പിക്കാൻ കഴിയൂ എന്നതാണ് ഇതിലെ വിരോധാഭാസമെന്ന് ഒരാൾ കുറിച്ചു. എന്നിട്ടും രക്ഷിതാക്കൾ അത്തരം സ്കൂളുകളിൽ മക്കളുടെ പ്രവേശനം തേടുന്നത് സ്റ്റാറ്റസ് സിംബലായതു കൊണ്ടാണ്. അതിനാൽ അവരിൽ ഭൂരിഭാഗവും അന്യായമായ ഫീസ് ഘടന അംഗീകരിക്കുന്നു. 12 വർഷത്തെ വിദ്യാഭ്യാസത്തിന് ഒരു കോടിയിലേറെ ചെലവഴിക്കേണ്ട സ്ഥിതിയാണെന്ന് മറ്റൊരാൾ കുറിച്ചു. ഇടത്തരക്കാർക്ക് ഇത്രയും ഉയർന്ന ഫീസ് താങ്ങാനാവില്ല. ഇതൊരു ഗുരുതരമായ പ്രശ്‌നമാണെന്നും ചിലർ അഭിപ്രായപ്പെട്ടു.