തിരുവനന്തപുരം: നൂറിലധികം നിക്ഷേപകരില്‍നിന്ന് 50 കോടി രൂപ തട്ടിയ ടോട്ടല്‍ ഫോര്‍ യു നിക്ഷേപതട്ടിപ്പ് കേസില്‍ ഒരു പ്രതി പോലും ഹാജരില്ലാതെ വിചാരണ തുടങ്ങി. ഐ നെസ്റ്റ് എന്ന സ്ഥാപനത്തിലൂടെ വിവിധ ഘട്ടങ്ങളിലായി 15 ലക്ഷം രൂപ നഷ്ടപ്പെട്ട ഉള്ളൂര്‍ സ്വദേശിയും മുന്‍ ഇന്‍ഷുറന്‍സ് കമ്പനി അസി.മാനേജരുമായ വിജയകുമാരന്‍ നായര്‍, തിരുമല സ്വദേശി അനില എന്നിവരാണ് തിരുവനന്തപുരം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ മൊഴി നല്‍കിയത്.
തുടര്‍ സാക്ഷിവിസ്താരം ഫെബ്രുവരിയില്‍ നടക്കും. 2007 ഏപ്രില്‍ 30 മുതല്‍ 2008 ആഗസ്റ്റ് 20 വരെയാണ് കേസിനാസ്പദമായ സംഭവം. ആര്.ബി.ഐ ലൈസന്‍സ് ഉണ്ടെന്നും നിക്ഷേപത്തുകയുടെയും കാലാവധിയുടെയും അടിസ്ഥാനത്തില്‍ 20 മുതല്‍ 80 ശതമാനം വരെ വരുമാനമുണ്ടാക്കാമെന്നും കാലാവധി കൂടുന്തോറും വളര്‍ച്ചനിരക്ക് കൂടുമെന്നും വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയതെന്നാണ് പ്രോസിക്യൂഷന് കേസ്.
ടോട്ടല്‍ ഫോര്‍ യു മാനേജിങ് ഡയറക്ടര്‍ ശബരിനാഥ്, നെസ്റ്റ് സൊല്യൂഷന്‍സ് ജനറല്‍ മാനേജര്‍ ബിന്ദു മഹേഷ്, മുന്‍ സിഡ്കോ സീനിയര്‍ മാനേജര്‍ ചന്ദ്രമതി, ശബരിയുടെ പ്രൈവറ്റ് സെക്രട്ടറി പ്രമോദ് ഐസക്, രാജന്, ബിന്ദു സുരേഷ്, കാന്‍വാസിങ് ഏജന്റുമാരായ ഹേമലത, ലക്ഷ്മി മോഹന്‍, മിലി എസ്. നായര്‍ തുടങ്ങി 20 പേരാണ് കേസിലെ പ്രതികള്‍.