കോട്ടയം : മണ്ണിടിച്ചിലിനെ തുടർന്ന് ഇല്ലിക്കൽക്കല്ല് റോഡിൽ പെട്ടുപോയ വിനോദസഞ്ചാരികളെ മറ്റൊരു വഴിയിലൂടെ പോലീസ് പുറത്തെത്തിച്ചു. ടൂറിസ്റ്റുകളായി എത്തിയവരാണ് റോഡിൽ കുടുങ്ങിയത്. കോട്ടയം ജില്ലയിൽ മലയോര മേഖലകളിലേക്ക് രാത്രി യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തി. രാത്രി 7 മുതൽ രാവിലെ 7 വരെ കർശന ഗതാഗത നിയന്ത്രണം. വിനോദസഞ്ചാര കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചു. മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്ക് പരിധിയിൽ വരുന്ന ഗ്രാമപ്പഞ്ചായത്തുകളിൽ ജാഗ്രത പുലർത്താൻ നിർദ്ദേശം നൽകി.
ഈരാറ്റുപേട്ട തൊടുപുഴ റോഡിൽ കളത്തൂക്കടവ് പള്ളിക്ക് സമീപവും വെള്ളം കയറി. മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയരുന്നുണ്ട്. മീനച്ചിലാറ്റിൽ ചേരിപ്പാട്, തീക്കോയി എന്നിവിടങ്ങളിൽ ഹൈഡ്രോളജി വകുപ്പിന്റെ സ്കെയിലിൽ അപകടനിരപ്പ് കടന്നു. കഴിഞ്ഞ ദിവസം വെള്ളം കയറിയ എരുമേലി ഇരുമ്പൂന്നിക്കര ഹസ്സന്‍പടി കോയിക്കക്കാവ് ആശാന്‍കോളനി റോഡിന്റെ ഇരുവശങ്ങളിലും ഉള്ള വീടുകളില്‍ ഞായറാഴ്ച വൈകീട്ടോടെ വീണ്ടും വെള്ളം കയറി. ഈ മേഖലയിൽ കനത്ത മഴ തുടരുകയാണ്.