പത്തനംതിട്ട : റീ ബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരമധ്യത്തിലെ മൂന്നു റോഡുകള്‍ ഒരു കോടി രൂപ ചിലവില്‍ പുനര്‍ നിര്‍മ്മിക്കുന്നതിനുള്ള പദ്ധതിയുടെ ഭരണാനുമതി ലഭിച്ചു. ടെന്‍ഡര്‍ നടപടികളിലേക്കു കടന്നു. നഗരസഭാ പരിധിയില്‍ ഉള്‍പ്പെടുന്ന സെന്‍ട്രല്‍ ജംഗ്ഷന്‍ – തൈക്കാവ് റോഡ്, മാക്കാംകുന്ന് – പുന്നലത്തുപടി, ഡോക്ടേഴ്സ് ലെയിന്‍ എന്നീ മൂന്നു റോഡുകളാണ് ആദ്യ ഘട്ടത്തില്‍ നവീകരിക്കുന്നതെന്ന് വീണാ ജോര്‍ജ് എം.എല്‍.എ പറഞ്ഞു.
നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതോടെ നഗരത്തിലെ ഗതാഗത പ്രശ്‌നത്തിന് കൂടി പരിഹാരം കാണാന്‍ കഴിയും. പഴയ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ്, തൈക്കാവ് സ്‌കൂള്‍ റോഡിലാണ് സ്ഥിതി ചെയ്യുന്നത്. സെന്‍ട്രല്‍ ജങ്ഷനില്‍ പ്രവേശിക്കാതെ പുതിയ കെ.എസ്.ആര്‍.ടി.സി , പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലേക്ക് എത്തുന്നതിനുള്ള സബ് റോഡ് കൂടിയാണ് ഇത്. വിദ്യാര്‍ത്ഥികള്‍, മറ്റു യാത്രികര്‍, വ്യാപാര സ്ഥാപനങ്ങളിലേക്ക് എത്തുന്ന വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇതുവഴി കടന്നു പോകാന്‍ കഴിയും.
നഗരത്തിലെ വണ്‍വേ റോഡുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന ഉപ റോഡാണ് ഡോക്ടര്‍സ് ലെയിന്‍. ഗവണ്‍മെന്റ് ആശുപത്രിയും മറ്റു ധാരാളം ഡോക്ടര്‍മാരുടെ ക്വാര്‍ട്ടേഴ്‌സിലേക്കും എത്തുന്ന രോഗികള്‍ ആശ്രയിക്കുന്ന റോഡുകൂടിയാണ് ഇത്. സിഗ്‌നലുകളില്‍ കാത്തു നില്‍ക്കാതെ വേഗത്തില്‍ തന്നെ ആശുപത്രിയിലേക്ക് എത്തുവാന്‍ ഇതിന്റെ നവീകരണത്തിലൂടെ കഴിയും. ഇരു-മുച്ചക്ര വാഹനങ്ങള്‍ക്കും യാത്രികര്‍ക്കും ഏറെ സൗകര്യപ്രദമായിരിക്കും. സിഗ്‌നലുകളിലെ വാഹന തിരക്കിനും കുറവുണ്ടാകും.
ഓമല്ലൂര്‍, പുത്തന്‍പീടിക കോളേജ് ജംഗ്ഷന്‍ ഭാഗത്ത് നിന്നും വഴി വരുന്ന യാത്രക്കാര്‍ക്ക് ഇലന്തൂര്‍, കോഴഞ്ചേരി ഭാഗത്തേക്ക് പോകുന്നതിനു മാക്കാംകുന്ന് -പുന്നലത്തുപടി റോഡിനെ ആശ്രയിക്കുവാന്‍ കഴിയും.
കാലങ്ങളായുള്ള ആവശ്യമായിരുന്നു ഈ മൂന്ന് റോഡുകളുടെ പുനരുദ്ധാരണം. നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരങ്ങളില്‍ ഒന്നാണ് ഉപറോഡുകളില്‍ കൂടിയുള്ള യാത്ര. എന്നാല്‍ വലിയ ഗട്ടറുകളും മറ്റു തകര്‍ന്ന ഭാഗങ്ങളിലൂടെയും ഉള്ള യാത്രകള്‍ മൂലം വാഹനങ്ങള്‍ക്കുണ്ടാകുന്ന കേടുപാടുകളും സമയനഷ്ടവും മൂലം എല്ലാവരും പ്രധാന റോഡുകള്‍ തന്നെ തിരഞ്ഞെടുക്കും. ഇങ്ങനെയുള്ള സബ് റോഡുകള്‍ എല്ലാം തന്നെ പൂര്‍ണ്ണമായും നല്ല നിലവാരത്തില്‍ പുനര്‍നിര്‍മ്മിക്കുന്നത് വഴി നഗരത്തിലേ ഗതാഗത കുരുക്കിന് ഒരു പരിധി വരെ പരിഹാരം കാണാന്‍ കഴിയുമെന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു.