കൊച്ചി : ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ നാളെ മുതല്‍ ഫെബ്രുവരി 10 വരെ ട്രെയിന്‍ ഗതാഗതം പുനഃക്രമീകരിച്ചതായി റെയില്‍വേ അറിയിച്ചു. കുമ്പളം മുതല്‍ എറണാകുളം വരെയുള്ള പാതയിലാണ് അറ്റകുറ്റപ്പണി നടക്കുന്നത്. ഇതിനാല്‍ ആലപ്പുഴ വഴിയുള്ള മൂന്ന് ട്രെയിനുകള്‍ കോട്ടയം വഴി തിരിച്ചു വിടും. രാത്രി ഒരു മണി മുതല്‍ പുലര്‍ച്ചെ അഞ്ചുമണി വരെയാണ് ഗതാഗത നിയന്ത്രണം. വെള്ളിയാഴ്ചകളിലും ഈ മാസം 25 നും നിയന്ത്രണം ഇല്ലെന്നും റെയില്‍വേ അറിയിച്ചിട്ടുണ്ട്. ബുധനാഴ്ച മുതല്‍ ഫെബ്രുവരി 9 വരെ തീയതികളില്‍ (ജനുവരി 23, 24, 30, ഫെബ്രുവരി ആറ് എന്നീ തീയതില്‍ ഒഴികെ) മംഗലാപുരത്തു നിന്നു പുറപ്പെടുന്ന മാവേലി എക്സ് പ്രസ്സ് കോട്ടയം വഴി സര്‍വീസ് നടത്തും. എറണാകുളം ടൗണ്‍, കോട്ടയം, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പ് ഉണ്ടാകും.
ഹസ്രത് നിസാമുദ്ദീനില്‍ നിന്നും ഈ മാസം 26, 28, ഫെബ്രുവരി രണ്ട്, നാല് എന്നീ തീയതികളില്‍ പുറപ്പെടുന്ന രാജധാനി എക്സ് പ്രസ്സ് കോട്ടയം വഴിയായിരിക്കും സര്‍വീസ് നടത്തുക. എറണാകുളം ടൗണ്‍, കോട്ടയം എന്നീ സ്റ്റേഷനുകളില്‍ സ്റ്റോപ്പ് ഉണ്ടാകും. ചെന്നൈ സെന്‍ട്രലില്‍ നിന്നും ഈ മാസം 28, 31, ഫെബ്രുവരി നാല്, ഏഴ് എന്നീ തീയതികളില്‍ പുറപ്പെടുന്ന ചെന്നൈ സെന്‍ട്രല്‍- തിരുവനന്തപുരം എസി സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് കോട്ടയം വഴി സര്‍വീസ് നടത്തും. എറണാകുളം ടൗണ്‍, കോട്ടയം, ചെങ്ങന്നൂര്‍, കായംകുളം ജംഗ്ഷന് എന്നീ സ്റ്റേഷനുകളില്‍ സ്റ്റോപ്പ് ഉണ്ടാകും. ചെന്നൈ എഗ്മോര്‍- ഗുരുവായൂര്‍ എക്സ്പ്രസ് ഈ മാസം 23 മുതല്‍ ഫെബ്രുവരി 10 വരെ ( ഈ മാസം 25നും വെള്ളിയാഴ്ചകളിലും ഒഴികെ) തുറവൂര്‍, കുമ്പളം എന്നിവിടങ്ങളിലായി 55 മിനിറ്റ് പിടിച്ചിടും.