പത്തനംതിട്ട : പത്തനംതിട്ട ജില്ലയിലെ പ്രധാന നെല്ലറയായ പെരിങ്ങര പഞ്ചായത്തിലെ കാർഷിക ആവശ്യങ്ങൾക്കായി ലക്ഷങ്ങൾ ചെലവഴിച്ച് വാങ്ങിയ ട്രാക്ടർ കൃഷി ഭവൻ വളപ്പിൽ കിടന്ന് നശിക്കുന്നു. പഞ്ചായത്തിലെ നെൽകൃഷി ഉൾപ്പടെയുള്ള കാർഷിക ആവശ്യങ്ങൾക്കായി കാർഷിക കർമ സേനയുടെ പേരിൽ ആറ് വർഷം മുമ്പ് ഏഴ് ലക്ഷത്തോളം രൂപ ചെലവഴിച്ച് വാങ്ങിയ ട്രാക്ടറും അനുബന്ധ ഉപകരണങ്ങളുമാണ് നശിക്കുന്നത്.
അപ്പർ കുട്ടനാടൻ പാടശേഖരങ്ങളിലെ പശപ്പുള്ള മണ്ണിന് അനുയോജ്യമല്ലാതെ വന്നതാണ് ട്രാക്ടർ ഉപയോഗ ശൂന്യമാകാൻ ഇടയാക്കിയത്. ട്രാക്ടറിന്റെ ഭാരക്കൂടുതൽ മൂലം മണ്ണിൽ പുതഞ്ഞു പോകുന്നത് മൂലമാണ് പാടശേഖരങ്ങളിൽ ട്രാക്ടർ ഇറക്കാൻ കഴിയാതെ വന്നത്. 2018ലെ പ്രളയത്തിൽ ട്രാക്ടർ ദിവസങ്ങളോളം വെള്ളത്തിൽ മുങ്ങിക്കിടന്നിരുന്നു. ഇതോടെ എഞ്ചിന്റെ പ്രവർത്തനവും തകരാറിലായി. പഞ്ചായത്തിന് സ്വന്തമായി ട്രാക്ടർ ഉണ്ടായിട്ടും മേഖലയിലെ കാർഷിക ആവശ്യങ്ങൾക്ക് വൻ തുക വാടക നൽകി സ്വകാര്യ ട്രാക്ടറുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് കർഷകര്‍