പത്തനംതിട്ട: പത്തനംതിട്ട നഗരത്തില്‍ അടിക്കടിയുണ്ടാകുന്ന വൈദ്യുതി തടസ്സത്തിനെതിരെ വ്യാപാരി വ്യവസായി സമിതി ശക്തമായി പ്രതിഷേധിച്ചു. വ്യാപാരികൾക്കും പൊതുജനങ്ങൾക്കും ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന നടപടിയാണ് കെ.എസ്.ഇ.ബി യുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. വൈദ്യുതി തടസ്സത്തിനെതിരെ നിരവധി പ്രാവശ്യം പരാതി നല്‍കുകയും ഉദ്യോഗസ്ഥരെ നേരില്‍കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും അനുകൂലമായ യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്ന് വ്യാപാരി വ്യവസായി സമിതി ഭാരവാഹികള്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം നഗര മധ്യത്തിൽ വൈദ്യുതി തടസ്സം ഉണ്ടായത് വൈദ്യുതി ആഫീസിൽ പരാതിപ്പെട്ട് 18 മണിക്കൂറിന് ശേഷമാണ് ഉദ്യോഗസ്ഥർ എത്തി പരിഹരിച്ചത്. വ്യാപാരികളുടെ പരാതി കേൾക്കാനോ പരിഹാരം കണ്ടെത്താനോ കെ.എസ്.ഇ.ബി അധികൃതര്‍ തയ്യാറാകുന്നില്ലെന്നും ഈ നിസ്സംഗത തുടര്‍ന്നാല്‍ പത്തനംതിട്ട നഗരത്തിലെ മുഴുവന്‍ വ്യാപാരികളെയും പങ്കെടുപ്പിച്ചുകൊണ്ട് പ്രത്യക്ഷ സമരപരിപാടികളുമായി നീങ്ങുമെന്നും ഭാരവാഹികള്‍ പറഞ്ഞു.