കൊച്ചി : സ്വര്‍ണത്തിന് സംസ്ഥാനത്ത് ഏകീകൃത വില നിശ്ചയിക്കാന്‍ വ്യാപാരികളുടെ ചര്‍ച്ച. സ്വര്‍ണവില നിശ്ചയിക്കുന്നത് ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷനാണ്. ഓരോ ദിവസത്തെയും അന്താരാഷ്ട്രവിലയും ബാങ്ക് നിരക്കുകളും മുംബൈ നിരക്കും പരിഗണിച്ച് രൂപയുടെ വിനിമയനിരക്ക് അടിസ്ഥാനത്തിലാണ് ദിനേന സ്വര്‍ണവില നിശ്ചയിക്കുന്നത്. എന്നാല്‍, ചില ജ്വല്ലറികള്‍ വില താഴ്ത്തി വില്‍ക്കുന്നതോടെ വരുന്ന അനിശ്ചിതാവസ്ഥ നീക്കാനാണ് ചര്‍ച്ച.
മേയ് 23ന് കൊച്ചിയില്‍ എ.കെ.ജി.എസ്.എം.എ വിളിച്ച യോഗത്തില്‍ കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ വന്‍കിട ജ്വല്ലറി പ്രതിനിധികളും അസോസിയേഷന് പ്രതിനിധികളും പങ്കെടുത്തിരുന്നു. സ്വര്‍ണ വ്യാപാരമേഖലയിലെ കിടമത്സരങ്ങള്‍ ഒഴിവാക്കാനും ഉപഭോക്താക്കളെ വഞ്ചിക്കുന്ന ഓഫറുകള്‍ നല്കുന്ന പരസ്യങ്ങള്‍ ഒഴിവാക്കാനും തീരുമാനിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ ഏകീകൃത വില എന്ന നിലയിലേക്ക് എത്തിയിരുന്നു.
എ.കെ.ജി.എസ്.എം.എ പ്രഖ്യാപിക്കുന്ന വിലയിലാണ് എല്ലാവരും വില്പന നടത്തിയിരുന്നതെന്നും എന്നാല്‍ ചില വന്‍കിട, ഇടത്തരം സ്വര്‍ണ വ്യാപാരികള്‍ ധാരണ അംഗീകരിക്കാത്തത് പ്രതിസന്ധി സൃഷ്ടിച്ചുവെന്നും ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്, ട്രഷറര്‍ അഡ്വ. എസ്. അബ്ദുല്‍ നാസര്‍ എന്നിവര്‍ പറഞ്ഞു. വന്‍കിട ജ്വല്ലറികളും അസോസിയേഷനും തമ്മിലുണ്ടായ ധാരണ നടപ്പില്‍ വരാത്തതില്‍ പ്രതിഷേധിച്ച് ഒരു ഗ്രൂപ് അസോസിയേഷന് പ്രഖ്യാപിക്കുന്ന വിലയെക്കാള്‍ കുറക്കുന്നത് വ്യാപാരമേഖലയെ പ്രതിസന്ധിയിലാക്കി.