ന്യൂഡല്‍ഹി: പ്രതിപക്ഷ ബഹളത്തില്‍ തുടര്‍ച്ചയായ അഞ്ചാം ദിവസവും പാര്‍ലമെന്റ് സ്തംഭിച്ചു. അവശ്യവസ്തുക്കള്‍ക്കു ജിഎസ്ടി ചുമത്തിയതും വിലക്കയറ്റവും ചര്‍ച്ച ചെയ്യാന്‍ അനുവദിക്കാത്തതിലും കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നതിനെതിരേയും പ്രതിപക്ഷം അതിരൂക്ഷമായി പ്രതിഷേധിച്ചു. സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതില്‍നിന്ന് സര്‍ക്കാര്‍ ഓടിയൊളിക്കുകയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. പ്രതിപക്ഷ ബഹളത്തില്‍ മുങ്ങി ലോക്സഭ ഉച്ചയ്ക്കു മുന്‍പായി രണ്ടു തവണ പിരിഞ്ഞു.
തൊഴിലില്ലായ്മ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സഭാ നടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഏഴിലേറെ അടിയന്തരപ്രമേയത്തിനുള്ള നോട്ടീസുകളാണ് രാജ്യസഭയില്‍ പ്രതിപക്ഷ എംപിമാര്‍ നല്‍കിയിരുന്നത്. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് കോവിഡ് മുക്തയായാല്‍ ഉടന്‍ വിലക്കയറ്റം, ജിഎസ്ടി വിഷയങ്ങള്‍ സഭയില്‍ ചര്‍ച്ച ചെയ്യാമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. പ്രതിപക്ഷ ബഹളത്തില്‍ മുങ്ങി രാജ്യസഭയും ഇന്നലെ പല തവണ പിരിഞ്ഞു.