റാന്നി: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ ഗതാഗത ക്രമീകരണം പ്രഹസനമാകുന്നതായി ആരോപണം. സംസ്ഥാന പാതയിൽ അപകടങ്ങളുടെ എണ്ണം വർദ്ധിക്കുമ്പോൾ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെ വിളിച്ചു കൂട്ടി യോഗങ്ങൾ നടക്കുന്നതല്ലാതെ അപകടങ്ങൾ കുറക്കുന്നതിനു വേണ്ടുന്ന തരത്തിൽ നടപടികൾ ഉണ്ടാകുന്നില്ലെന്നാണ് ആരോപണം. കഴിഞ്ഞ ദിവസം റാന്നിയിൽ ട്രാഫിക് അവലോകനം കഴിഞ്ഞതിനു ശേഷമാണ് ഉതിമൂട്ടിൽ ജീപ്പ് ഇരുചക്രവാഹനത്തിൽ തട്ടിയ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം ഉണ്ടായത്. സംസ്ഥാന പാതയുടെ നിർമ്മാണം പൂർത്തിയായതോടെ വിവിധ സ്ഥലങ്ങളിൽ അപകടം ദിനം പ്രതിയെന്നോണമാണ് നടക്കുന്നത്.
റോഡിൻ്റെ നിർമ്മാണം പൂർത്തിയാകുന്നതിനനുസരിച്ച് സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തീകരിക്കാത്തതാണ് അപകടത്തിൻ്റെ എണ്ണം വർദ്ധിക്കുവാൻ കാരണമെന്നാണ് വിലയിരുത്തൽ. ദിനം പ്രതിയുണ്ടാകുന്ന അപകടങ്ങളിൽ പലതും കാഠിന്യം കുറവുള്ളതിനാലാണ് പല അപകടങ്ങളുടെയും വിവരം പുറത്തു വരാത്തത്. ഉന്നത നിലവാരത്തിൽ പണി പൂർത്തിയായ റോഡിൽ അമിതവേഗത്തിൽ എത്തുന്ന കാറുകളും ഇരുചക്ര വാഹനയാത്രികരുമാണ് അപകടത്തിൽപ്പെടുന്നത്. കഴിഞ്ഞ രണ്ടു മാസത്തിന് മുൻപ് റാന്നി ഉതിമൂട്ടിൽ ഉണ്ടായ അപകടത്തിൽ രണ്ട് യുവാക്കളാണ് മരണപ്പെട്ടത്.
അമിത വേഗതിയിൽ വന്ന കാർ സുരക്ഷാവേലിയിൽ ഇടിച്ച് തിരികെ രണ്ടാമതും റോഡില്‍ ഇടിച്ചാണ് കാറിൻ്റെ പിൻസീറ്റിൽ ഇരുന്ന യുവാക്കൾ തെറിച്ച് ദൂരത്തിൽ വീണ് മരണപ്പെട്ടത്. പിന്നീട് പല അപകടങ്ങളും അവിടെ തുടർക്കഥയാകുകയാണ്. ഉന്നത നിലവാരത്തിൽ റോഡ് നിർമ്മാണം പൂർത്തിയാകുന്നതനുസരിച്ച് സുരക്ഷാ ബോർഡുകളും നിശ്ചിത ദൂരത്തിൽ ഹംമ്പുകളും സ്ഥാപിച്ച് മാർക്കു ചെയ്തിരുന്നെങ്കിൽ പല അപകടങ്ങളും ഇനിയും ഒഴുവാക്കാനാകുമെന്നാണ് നാട്ടുകാർ പറയുന്നത്. റോഡ് നിര്‍മ്മാണം പൂർത്തിയായതോടെ ചില സ്ഥലങ്ങളിൽ മാത്രം ദിശാ സൂചന ബോർഡ് സ്ഥാപിച്ച് റിംബിള്‍ സ്ട്രിപ്പ് വരച്ചത് ഒഴിച്ചാൽ കൂടുതല്‍ സുരക്ഷകള്‍ ഒരുക്കാനായിട്ടില്ല.
അമിതവേഗതയിൽ എത്തുന്ന വാഹനങ്ങൾക്ക് നിലവിൽ പതിച്ച റിംബിൾസ്ട്രിപ്പ് യാതൊരു തടസവും ഇല്ലാത്തതിനാൽ വാഹനങ്ങൾ ബ്രേക്കും പോലും ചെയ്യാതെ വരുന്ന വേഗതയിൽ കടന്നു പോകുകയാണ്. എന്നാൽ വാഹനങ്ങൾ ഓടിക്കുന്നവർക്ക് ഈ വരകൾ എന്തെന്നു പോലും അറിയാത്തതും അറിയാമെങ്കിലും ഗൗനിക്കാതെ പോകുന്നതുമാണ് പല അപകടങ്ങൾക്കും കാരണമാകുന്നത്. കൂടാതെ റോഡിൽ പല സ്ഥലത്തും സീ ബ്രാലൈൻ ഉണ്ടെങ്കിലും സാധാരണ വാഹനങ്ങളും വേഗതക്കു കുറവരുത്താതു കാരണം യാത്രക്കാർ ഓടി രക്ഷപെടുന്ന കാഴ്ചയാണ് കാണുന്നത്.