തിരുവനന്തപുരം: കരിക്കകം ചാമുണ്ഡി ദേവിക്ഷേത്രത്തിലെ പൊങ്കാലയോടനുബന്ധിച്ച് 22 ന് രാവിലെ 6 മുതൽ വൈകിട്ട് 5 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി സിറ്റി പോലീസ്. കഴക്കൂട്ടം- കാരോട് ബൈപ്പാസ് റോഡിൽ കുഴുവിള മുതൽ ചാക്ക വരെയുള്ള ഭാഗത്തും സർവ്വീസ് റോഡുകൾ, വെൺപാലവട്ടം, കൊച്ചുവേളി റെയിൽവേ സ്റ്റേഷൻ, മാധവപുരം റോഡ് കരിക്കകം ക്ഷേത്രം റോഡ് എന്നിവിടങ്ങളിലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. കോവളം, ഈഞ്ചക്കൽ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ചാക്ക ഭാഗത്തുനിന്ന് ലോർഡ്‌സ് ജംഗ്ഷനിൽ ആളുകളെ ഇറക്കിയ ശേഷം മേൽപ്പാലം വഴി വേൾഡ് മാർക്കറ്റിൽ പാർക്ക് ചെയ്യണം. തുമ്പ, പെരുമാതുറ ഭാഗങ്ങളിൽ നിന്ന് ഭക്തജനങ്ങളുമായി എത്തുന്നവർ വാഹനങ്ങൾ കൊച്ചുവേളി ഓൾ സെയ്ന്റ്‌സ് റോഡിൽ ഇറക്കിയ ശേഷം ശംഖുമുഖം പാർക്കിംഗ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.
ആറ്റിങ്ങൽ, കഴക്കൂട്ടം ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ ലുലു മാളിന് എതിർവശം ആളെ ഇറക്കിയ ശേഷം ചാക്ക വരെയുള്ള സർവ്വീസ് റോഡിൽ പാർക്ക് ചെയ്യണം. പൊങ്കാല ദിവസമായ നാളെ രാവിലെ 4 മുതൽ തിരുവന്തപുരത്തെ വിവിധ ഡിപ്പോകളിൽ നിന്ന് ക്ഷേത്രത്തിലേക്ക് കെഎസ്ആർടിസിയുടെ സർവ്വീസ് ഉണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്.