തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ എ.ഐ കാമറകള്‍ കണ്ടെത്തുന്ന ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കും. റോഡിലെ നിയമലംഘനം കണ്ടെത്താന്‍ 675 എ.ഐ കാമറയും അനധികൃത പാര്‍ക്കിങ് കണ്ടെത്താന്‍ 25 കാമറയും ചുവപ്പ് സിഗ്‌നല്‍ പാലിക്കുന്നുണ്ടോയെന്ന് കണ്ടെത്താന്‍ 18 കാമറയുമാണ് സ്ഥാപിച്ചിട്ടുള്ളത്. ഒരുദിവസം ശരാശരി 12-14 ജീവനുകളാണ് നിരത്തില്‍ പൊലിയുന്നത്. അപകടങ്ങള്‍ ഒഴിവാക്കുന്നതും മോട്ടോര്‍ വാഹനവകുപ്പിന്റെ മറ്റൊരു ലക്ഷ്യമാണ്.
ഒരു ദിവസം ഒന്നില്‍ കൂടുതല്‍ തവണ നിയമം ലംഘിച്ചാല്‍ ഓരോ നിയമ ലംഘനത്തിനും പ്രത്യേകം പ്രത്യേകം പിഴ ഈടാക്കും. ദേശീയ പാതയില്‍ സ്പീഡ് ക്യാമറകള്‍ പരസ്പരം ബന്ധിപ്പിച്ചിട്ടുണ്ട്. ക്യാമറ കാണുന്ന പക്ഷം വേഗത കുറച്ച് പിന്നീട് സ്പീഡ് കൂട്ടിയാലും പിടിക്കപ്പെടും. ഓരോ ക്യാമറയിലും വാഹനം കടന്നുപോകുന്ന സമയം കണക്കിലെടുക്കും. അനുവദനീയമായതില്‍ കൂടുതല്‍ വേഗമെടുത്താല്‍ പിഴ ചുമത്തും. കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ 12 വയസില്‍ താഴെയുള്ള കുട്ടിയുമായി ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്താല്‍ പിഴ ഈടാക്കില്ല.
പിഴകള്‍ ഇപ്രകാരം, ഹെല്‍മറ്റ് ഇല്ലാതെയുള്ള യാത്രകള്‍ക്ക് – 500 രൂപ (രണ്ടാം തവണ പിടിക്കപ്പെട്ടാല്‍ – 1000 രൂപ), ലൈസന്‍സില്ലാതെ വാഹനം ഓടിക്കല്‍ – 5000 രൂപ, വാഹനമോടിക്കുമ്പോഴുള്ള മൊബൈല്‍ ഉപയോഗം- 2000 രൂപ, അമിതവേഗം – 2000 രൂപ, സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് ആദ്യതവണ- 500 രൂപ പിഴ (ആവര്‍ത്തിച്ചാല്‍ 1000 രൂപ). മദ്യപിച്ച് വാഹനമോടിച്ചാല്‍ 6 മാസം തടവ് അല്ലെങ്കില്‍ 10,000 രൂപ പിഴ രണ്ടാം തവണ പിടിക്കപ്പെട്ടാല്‍ 2 വര്‍ഷം തടവ് അല്ലെങ്കില്‍ 15,000 രൂപ പിഴ, ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനമോടിച്ചാല്‍ 3 മാസം തടവ് അല്ലെങ്കില്‍ 2000 രൂപ പിഴ രണ്ടാം തവണയും പിടിക്കപ്പെട്ടാല്‍ മൂന്ന് മാസം തടവ് അല്ലെങ്കില്‍ 4000 രൂപ പിഴ, രണ്ടില്‍ കൂടുതല്‍ ആളുകളുമായി ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്താല്‍ 1000 രൂപ, അനധികൃത പാര്‍ക്കിങ് -250 രൂപ.