തിരുവനന്തപുരം : നിസാമുദ്ദീൻ-തിരുവനന്തപുരം എക്സ്പ്രസിൽ യാത്രക്കാരെ മയക്കിക്കിടത്തി സ്വർണം കവർന്ന കേസ് റെയിൽവേ പോലീസിന്റെ പ്രത്യേക സംഘം അന്വേഷിക്കും. എറണാകുളം ഡി.വൈ.എസ്.പി മനോജ് കബീറിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം, ഷൊർണൂർ, പാലക്കാട് സ്റ്റേഷനുകളിൽനിന്ന് 14 ഉദ്യോഗസ്ഥരെ ചേർത്ത് റെയിൽവേ എസ്.പി കെ.എസ്.ഗോപകുമാർ പ്രത്യേക അന്വേഷണസംഘത്തിനു രൂപംനൽകി. 35 പവൻ നഷ്ടമായെന്നാണ് ആദ്യം കരുതിയതെങ്കിലും 17 പവനാണ് നഷ്ടമായതെന്ന് പോലീസ് വ്യക്തമാക്കി.
ആഗ്രയിൽ താമസിക്കുന്ന മലയാളികളായ തിരുവല്ല സ്വദേശിനി വിജയലക്ഷ്മി, മകൾ അഞ്ജലി എന്നിവരാണ് കവർച്ചയ്ക്കിരയായത്. ഇവർക്ക് കുപ്പിവെള്ളത്തിൽ മയക്കുമരുന്നു കലർത്തിയാണ് മോഷണം നടത്തിയത്. തീവണ്ടി സേലം പിന്നിട്ട ശേഷമാണ് മോഷണം നടന്നത്. ഇവർക്കൊപ്പം അബോധാവസ്ഥയിൽ തീവണ്ടിയിൽ കണ്ടെത്തിയ കോയമ്പത്തൂർ സ്വദേശിനി കൗസല്യയുടെ മൊബൈൽഫോണും നഷ്ടമായിരുന്നു. ഇവരുടെ ഫോൺ പാലക്കാട് പിന്നിട്ട ശേഷമാണ് നഷ്ടമായത്. അതുവരെ കൗസല്യ ഫോൺ ഉപയോഗിച്ചിരുന്നു.
സ്ത്രീകൾക്കു നൽകിയ മയക്കുമരുന്നു കണ്ടെത്തുന്നതിനായി ഫൊറൻസിക് സാമ്പിളുകൾ ശേഖരിച്ച് കെമിക്കൽ ലാബിലേക്ക് അയച്ചു. പ്രതിയെന്നു സംശയിക്കുന്ന ഉത്തർപ്രദേശ് സ്വദേശി അസ്കർ ബാഗ്ഷായ്ക്കായി അന്വേഷണമാരംഭിച്ചു. പ്രതിയെ പിടികൂടുന്നതിനായി തമിഴ്നാട്, ഗുജറാത്ത്, ഉത്തർപ്രദേശ് പോലീസ് സേനയുടെ സഹായം തേടും. ആഗ്ര റെയിൽവേ സ്റ്റേഷനിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ തിങ്കളാഴ്ച പരിശോധിച്ചു. റെയിൽവേ സംരക്ഷണസേനയും സമാന്തരമായി അന്വേഷണം നടത്തുന്നുണ്ട്. ആർ.പി.എഫിന്റെ ക്രൈം പ്രിവൻഷൻ സ്ക്വാഡും രംഗത്തുണ്ട്. പ്രാഥമികാന്വേഷണത്തിനു ശേഷം കേസ് കൈമാറും.