ഡല്‍ഹി : ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ബുധനാഴ്ച സര്‍വീസ് ആരംഭിക്കുന്ന തീവണ്ടിക്ക് കോഴിക്കോടും എറണാകുളം ജംഗ്ഷനിലും മാത്രമേ സ്‌റ്റോപ്പ് ഉണ്ടായിരിക്കുകയുള്ളുവെന്ന് റെയില്‍വേ. ആദ്യം തിരുവനന്തപുരം ഉള്‍പ്പെടെ ഒമ്പത് സ്റ്റോപ്പുകളുണ്ടെന്നാണ് അറിയിച്ചിരുന്നത്. ഇതാണ് ഇപ്പോള്‍ രണ്ട് സ്റ്റോപ്പാക്കി കുറച്ചത്. കൊങ്കണ്‍ പാത വഴിയാണ് കേരളത്തിലേക്കുള്ള സര്‍വീസ്.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന ട്രെയിന്‍ സര്‍വീസുകള്‍ നാളെ മുതലാണ് പുന:രാരംഭിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ഓടുന്ന ട്രെയിനുകളുടെ ലിസ്റ്റ് റെയില്‍വേ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ഡല്‍ഹിയില്‍ നിന്ന് മുംബൈ, ബാംഗ്ലൂര്‍, ചെന്നെ, തിരുവനന്തപുരം തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ 15 കേന്ദ്രങ്ങളിലേക്കും തിരിച്ചും ആകെ 30 സര്‍വീസാണ് ഉണ്ടായിരിക്കുക.
കേരളത്തിലേക്കുള്ള ആദ്യ ട്രെയിന്‍ ബുധനാഴ്ച ഡല്‍ഹിയില്‍നിന്ന് പുറപ്പെടും. വെള്ളിയാഴ്ചയാണ് ട്രെയിന്‍ തിരുവനന്തപുരത്ത് എത്തുക. ആഴ്ചയില്‍ മൂന്ന് രാജധാനി സര്‍വീസുകളാണ് ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരത്തേക്കും തിരിച്ചും ഉണ്ടാവുക. നേരത്തെ ഹസ്രത്ത് നിസാമുദീനില്‍ നിന്ന് ആരംഭിച്ചിരുന്ന രാജധാനി സര്‍വീസുകള്‍ ഇത്തവണ ഡല്‍ഹിയില്‍ നിന്നായിരിക്കും പുറപ്പെടുക.
ഇന്ന് വൈകിട്ട് നാല് മണി മുതല്‍ ഐ.ആര്‍.സി.ടി.സി വെബ്സൈറ്റ് വഴി ഓണ്‍ലൈനായി മാത്രം ടിക്കറ്റ് ബുക്ക് ചെയ്യാം. റെയില്‍വേ കൗണ്ടറുകള്‍ വഴി ബുക്കിങ് ഉണ്ടായിരിക്കില്ല. പ്ലാറ്റ് ഫോം ടിക്കറ്റുകളോ ആര്‍.എ.സി ടിക്കറ്റുകളോ ഉണ്ടായിരിക്കില്ല. മുഖാവരണം ഉള്‍പ്പടെയുള്ള നിബന്ധനകള്‍ യാത്രക്കാര്‍ പാലിക്കണം. കൊവിഡ് ലക്ഷണങ്ങള്‍ കാണിക്കാത്തവര്‍ക്ക് മാത്രമാണ് യാത്രാനുമതി. യാത്രയ്ക്ക് മുന്‍പായി ശരീരോഷ്മാവ് പരിശോധിക്കും.