ഡല്‍ഹി : ലോക്ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് ട്രെയിന്‍ സര്‍വിസുകള്‍ പുനരാരംഭിക്കുന്നത് മെയ് മൂന്നു വരെ നീട്ടി. റെയില്‍വേ മന്ത്രാലയം എക്സിക്യൂട്ടിവ് ഡയറക്ടര്‍ രാജേഷ് ദത്ത് ബാജ്പേയിയാണ് ഇക്കാര്യം അറിയിച്ചത്. പ്രീമിയം ട്രെയിനുകള്‍, മെയ്ല്‍/ എക്സ് പ്രസ്സ് ട്രെയിനുകള്‍, പാസഞ്ചര്‍ ട്രെയിനുകള്‍, സബ്‌അര്‍ബന്‍ ട്രെയിനുകള്‍, കോല്‍ക്കത്ത മെട്രോ ട്രെയിന്‍, കൊങ്കണ്‍ റെയില്‍വേ അടക്കമുള്ളവ സര്‍വീസ് നിര്‍ത്തിവെച്ചവയില്‍ ഉള്‍പ്പെടും.
അതേസമയം അവശ്യ സാധനങ്ങള്‍ എത്തിക്കുന്ന ട്രെയിനുകള്‍ സര്‍വിസ് നടത്തും. യാത്രാ ടിക്കറ്റ് ബുക്കിങ്/റദ്ദാക്കല്‍ എന്നീ സേവനങ്ങള്‍ ലഭ്യമാക്കുന്ന റെയില്‍വേ സ്റ്റേഷനുകള്‍ മാത്രമാകും പ്രവര്‍ത്തിക്കുക. കൊവിഡ് വൈറസ് ബാധ പ്രതിരോധത്തിന്‍റെ ഭാഗമായി റെയില്‍ മ്യൂസിയങ്ങള്‍, ഹെറിറ്റേജ് ഗാലറികള്‍, ഹെറിറ്റേജ് പാര്‍ക്കുകള്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം അനുവദിക്കില്ല.