പാലക്കാട് :സംസ്ഥാനത്ത് ഫെബ്രുവരി 26, 27 ദിവസങ്ങൾ ട്രെയിൻ ഗതാഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി. തൃശ്ശൂരിലെ പുതുക്കാട് റെയിൽവേ ട്രാക്കിൽ സാങ്കേതിക ജോലികൾ നടക്കുന്നതിനെത്തുടർന്നാണ് ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ജനശതാബ്ദി ഉൾപ്പെടെയുള്ള ചില ട്രെയിൻ സർവീസുകൾ പുനഃക്രമീകരിച്ചിട്ടുണ്ട്. കൂടാതെ ചില സർവീസുകൾ റദ്ദ് ചെയ്തിട്ടുണ്ട്. പുനഃക്രമീകരിച്ചതും റദ്ദ് ചെയ്തതുമായ സർവീസുകൾ ഏതൊക്കെയെന്ന് അറിയാം.
ഫെബ്രുവരി 26- ന് തിരുവനന്തപുരം- കണ്ണൂർ ജനശതാബ്ദിയും, എറണാകുളം- ഷൊർണൂർ, എറണാകുളം- ഗുരുവായൂർ എന്നീ സർവീസുകളും, ഫെബ്രുവരി 27- ന് കണ്ണൂർ – തിരുവനന്തപുരം ജനശതാബ്ദിയും റദ്ദ് ചെയ്തിട്ടുണ്ട്. അതേസമയം 26- ലെ കണ്ണൂർ- എറണാകുളം, 25- ന് ചെന്നൈയിൽ നിന്ന് പുറപ്പെട്ട് 26- ന് സംസ്ഥാനത്തെത്തുന്ന മെയിൽ എന്നിവ തൃശ്ശൂരിൽ വെച്ച് യാത്ര അവസാനിപ്പിക്കുന്നതാണ്. ചെന്നൈ മെയിൽ ഫെബ്രുവരി 26- ന് തൃശ്ശൂരിൽ നിന്നും രാത്രി 8:43- ന് പുറപ്പെടും. 26- ന് കന്യാകുമാരിയിൽ നിന്നുള്ള ബെംഗളൂരു ഐലൻഡ് ഉച്ചയ്ക്ക് 12:10- നാണ് പുറപ്പെടുക.