തൃശ്ശൂർ : 2015 ൽ രൂപീകൃതമായ ട്രാൻസ്ജെൻഡർ നയത്തിൽ കാലാനുസൃതമായ പരിഷ്കരണങ്ങൾ ആവശ്യമാണെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. കേരള ട്രാൻസ്ജെൻഡർ നയം ഭേദഗതി ശില്പശാലയും ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോർഡ് , കമ്മറ്റി അംഗങ്ങൾക്കുള്ള പരിശീലന പരിപാടിയുടേയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. തൃശ്ശൂർ മുളങ്കുന്നത്ത്കാവിലുള്ള കിലയിൽ നടന്ന പരിപാടിയിൽ സാമൂഹ്യ നീതി ഡയറക്ടറേറ്റ് അസിസ്റ്റന്റ് ഡയറക്ടർ സി. കെ . ഷീബ മുംതാസ് അധ്യക്ഷത വഹിച്ചു. കഴിഞ്ഞ പത്ത് വർഷത്തിനിടക്ക് ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് സമൂഹത്തിലുള്ള സ്വീകാര്യതയും അവർക്ക് സംരക്ഷണം നൽകണമെന്ന അവബോധവും സമൂഹത്തിൽ നല്ല നിലയിൽ വർദ്ധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ട്രാൻസ്ജെൻഡർ വ്യക്തികളുടെ വിദ്യാഭ്യാസം, തൊഴിൽ, വൈദഗ്ധ്യ പോഷണം, വിവാഹം, ലിംഗമാറ്റ ശാസ്ത്രക്രിയക്ക് സാമ്പത്തിക സഹായം തുടങ്ങി നിരവധി മേഖലകളിൽ സർക്കാർ പദ്ധതികൾ നിലവിലുണ്ടെന്നും ഇവ കൃത്യമായി എല്ലാവരിലേക്കും എത്തിക്കാൻ ട്രാൻസ്ജെൻഡർ സമൂഹത്തിലെ അംഗങ്ങളുടെ സഹായം കൂടി ആവശ്യമാണെന്നും പദ്ധതികൾ കൃത്യമായി നടപ്പാക്കാൻ ട്രാൻസ്ജെൻഡർ വ്യക്തികളും സാമൂഹ്യ നീതി വകുപ്പും തമ്മിൽ കൃത്യമായ ആശയവിനിമയം ഉണ്ടാവണമെന്നും മന്ത്രി കൂട്ടിചേർത്തു.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ശിൽപശാലയിൽ ആദ്യ ദിനം വ്യക്തിത്വ വികസനവും, സോഫ്റ്റ്സ്കിൽ പരിശീലനവും, ട്രാൻസ്ജെൻഡർ പേഴ്സൺ (അവകാശ സംരക്ഷണ നിയമം) തുടങ്ങി വിവിധ വിഷയങ്ങളിൽ സെഷനുകൾ നടന്നു. രണ്ടാം ദിനമായ ഇന്ന് (02-03-2025) ഭരണഘടന, നൽസ വിധിന്യായം, ട്രാൻസ് ജെൻഡർ അവകാശങ്ങൾ-സാമൂഹിക സുരക്ഷിതത്വം-സാമൂഹിക സ്വാധീനം തുടങ്ങിയ വിഷയങ്ങളിൽ സെഷനുകളും സംസ്ഥാന ട്രാൻസ്ജെൻഡർ നയം 2015 ഭേദഗതിയെ കുറിച്ചുള്ള ഓപ്പൺഫോറവും നടക്കും. കില അസിസ്റ്റന്റ് ഡയറക്ടർ (ട്രെയിനിംഗ്) ഡോ. കെ. പി. എൻ. അമൃത, സംസ്ഥാന ജസ്റ്റിസ് ബോർഡ് അംഗം നേഹ എന്നിവർ ആശംസകൾ നേർന്നു. ജില്ലാ സമൂഹ്യ നീതി ഓഫീസർ കെ. ആർ . പ്രദീപൻ സ്വാഗതവും സംസ്ഥാന ട്രാൻസ്ജെൻഡർ സെൽ പ്രോജക്ട് ഓഫീസര്‍ ശ്യാമ. എസ്. പ്രഭ നന്ദിയും പറഞ്ഞു.