തിരുവനന്തപുരം : ജോലി ചെയ്ത തൊഴിലാളികളുടെ ശംബളം പോലും ക്യത്യമായി നൽകാതെ അവരെ ഭീഷണിപ്പെടുത്തിയും അവഹേളിച്ചും മുന്നോട്ട് പോകുന്ന ഗതാഗത മന്ത്രിക്ക് ജന്മിമാരുടെ മനസ്സാകിവസ്ഥയാണെന്ന് യുഡിഎഫ് കൺവീനർ എം.എം.ഹസ്സൻ കുറ്റപ്പെടുത്തി. ശംബളം മാസമാദ്യം ക്യത്യമായി നൽകുക, ഡിഎ കുടിശ്ശിക അനുവദിക്കുക, പിൻവാതിൽ നിയമനങ്ങൾ അവസാനിപ്പിച്ച് പുതിയ PSC നിയമനങ്ങൾ നടത്തുക, രാഷ്ട്രീയ പകപോക്കൽ നടപടികൾ അവസാനിപ്പിക്കുക, കെഎസ്ആർടിസിക്ക് പുതിയ ബസുകൾ വാങ്ങുക, കെഎസ്ആർടിസിയിലെ അഴിമതികളിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് റ്റിഡിഎഫ് ഗതാഗത മന്ത്രിയുടെ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവനക്കാരുടെ അവകാശങ്ങൾ നിഷേധിക്കുന്ന സർക്കാരും മാനേജ്മെന്റും പിൻവാതിൽ നിയമനങ്ങൾ നടത്തിയും അഴിമതി പർച്ചേസ്സുകൾ നടത്തിയും കെഎസ്ആർടിസിയെ തകർക്കുകയാണെന്ന് റ്റിഡിഎഫ് വർക്കിംഗ് പ്രസിഡന്റ് എം.വിൻസെന്റ് എംഎൽഎ ആരോപിച്ചു.
സെക്രട്ടേറിയറ്റിന് സമീപം വച്ച് പോലീസ് മാർച്ച് തടഞ്ഞു, ഉദ്ഘാടനം കഴിഞ്ഞിട്ടും പിരിഞ്ഞു പോകാതെ ഗതാഗത മന്ത്രിക്കെതിരേ മുദ്രാവാക്യം വിളിച്ച റ്റിഡിഎഫ് പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു, നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. മന്ത്രിക്കെതിരേ മുദ്രാവാക്യം വിളിച്ചതിന് റ്റിഡിഎഫ് പ്രവർത്തകർക്ക് നേരേ യാതൊരു പ്രകോപനവും ഇല്ലാതെ പോലീസ് ജലപീരങ്കി പ്രയോഗിച്ചുവെന്നും അനാവശ്യമായി തൊഴിലാളികളെ ആക്രമിച്ച സംഭവത്തിൽ പോലീസിനെതിരേ അന്വേഷണം നടത്തണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. തൊഴിലാളി സമരത്തിനെതിരേ പോലീസ് അതിക്രമം അഴിച്ചു വിട്ട നടപടിയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ എം.വിൻസെന്റ് സമരം ഇനിയും ശക്തമായി തുടരുമെന്നും അറിയിച്ചു. ജീവനക്കാർക്കെതിരേയുള്ള പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് നാളെ എല്ലാ ഡിപ്പോകളിലും പ്രതിഷേധ ദിനം ആചരിക്കുമെന്ന് റ്റിഡിഎഫ് വൈസ് പ്രസിഡൻറ് റ്റി.സോണി അറിയിച്ചു.