പത്തനംതിട്ട : അരയ്ക്കുതാഴെ തളര്‍ന്ന് വീല്‍ചെയറില്‍ സഞ്ചരിക്കുന്ന ചെറുകോല്‍ സ്വദേശി മറിയാമ്മ ജോര്‍ജ്, വിധവയും 50 ശതമാനം ഭിന്നശേഷിക്കാരിയുമായ പഴവങ്ങാടി ചേത്തക്കല്‍ സ്വദേശി സന്ധ്യ എന്നിവര്‍ പരിമിതികളുടെ അതിജീവിതരാണ്, പക്ഷെ മനുഷ്യത്വരാഹിത്യമെന്ന വെല്ലുവിളിക്ക് മുന്നില്‍ പകച്ചുപോയവര്‍. മറിയാമ്മ അദാലത്തില്‍ എത്തിയത് മനുഷ്യാവകാശ ലംഘനം ചൂണ്ടിക്കാട്ടിയാണ്-വീട്ടിലേക്കുള്ളവഴി അയല്‍വാസികള്‍ മുള്ളുവേലികെട്ടി തടസപ്പെടുത്തി. സര്‍ക്കാര്‍ തുണയായപ്പോള്‍ ലഭിച്ച ലൈഫ് പദ്ധതി പ്രകാരമുള്ള വീട്ടില്‍ താമസിക്കവെയാണ് കാരമുള്ളിനെക്കാള്‍ കഠിനമായ അയല്‍വാശി വെല്ലുവിളിയായത്.
മനുഷ്യാവകാശ പ്രശ്‌നമായിക്കണ്ട് ആര്‍. ഡി. ഒ. യുടെ നേതൃത്വത്തില്‍ ഇതില്‍ ഉള്‍പ്പെട്ട കക്ഷികളെ വിളിച്ച് മധ്യസ്ഥ ചര്‍ച്ച നടത്തി ഉടന്‍ പരിഹാരം കാണാനാണ് മന്ത്രി വീണാ ജോര്‍ജിന്റെ പരിഹാര നിര്‍ദേശം. സന്ധ്യയുടെ പരാതി ബന്ധുവിനെതിരെയായിരുന്നു. ശുചിമുറി മാലിന്യം ഒഴുക്കിവിടുന്നത് വീട്ടിലേക്കായപ്പോള്‍ അദാലത്ത് എന്ന വഴിയാണ് മുന്നിലെത്തിയത്. കാക്കിയുടെ കാരുണ്യം തേടിമടുത്തിട്ടാണ് മന്ത്രി വീണാ ജോര്‍ജിന് മുന്നിലെത്തിയത്.
പഞ്ചായത്തിരാജ് ആക്ട് പ്രകാരമുള്ള കുറ്റത്തിന് ഉടന്‍ നടപടിയെടുക്കാന്‍ സെക്രട്ടറിക്ക് മന്ത്രി നിര്‍ദേശം നല്‍കി. പൊതുജനാരോഗ്യ ആക്ട് അനുസരിച്ചുള്ള നടപടിയെടുക്കാന്‍ ഡി. എം. ഒ. യെയും ചുമതലപ്പെടുത്തി. ലഭിച്ച പരാതി പരിഗണിക്കാന്‍ വെച്ചൂച്ചിറ എസ്. എച്ച്. ഒയ്ക്കും നിര്‍ദേശം നല്‍കി.