തിരുവല്ല : തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്റ് കെമിക്കല്‍സില്‍ മധ്യപ്രദേശില്‍ നിന്നും എത്തിച്ച സ്പിരിറ്റിന്റെ അളവില്‍ കുറവ് ഉണ്ടെന്ന സൂചനയെ തുടര്‍ന്ന് എക്‌സൈസ് സംഘം നടത്തിയ അന്വേഷണത്തില്‍ കൂടുതല്‍ വെട്ടിപ്പ് കണ്ടെത്തിയിരുന്നു. 20000 ലിറ്റര്‍ സ്പിരിറ്റില്‍ ആണ് ക്രമക്കേട് കണ്ടെത്തിയത്. ഫാക്ടറിയില്‍ എത്തിച്ച ടാങ്കില്‍ നിന്നും പത്ത് ലക്ഷം രൂപയും കണ്ടെത്തി.
ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്റ് കെമിക്കല്‍സില്‍ നിന്നും നേരത്തേയും നിരവധി തവണ സ്പിരിറ്റ് മോഷ്ടിച്ചതായി കണ്ടെത്തി. നാല് തവണയായി പ്രതി അരുണ്‍കുമാറിന് 25 ലക്ഷം രൂപ കൈമാറിയെന്ന് ഡ്രൈവര്‍ മൊഴി നല്‍കിയതോടെയാണ് മുമ്പും തട്ടിപ്പ് നടന്നകാര്യം വ്യക്തമായത്. എന്നാല്‍ അരുണ്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല.
മധ്യപ്രദേശിലെ അസോസിയേറ്റഡ് ആല്‍ക്കഹോള്‍ ആന്‍ഡ് ബ്രൂവറീസ് ലിമിറ്റഡ് ബര്‍വാഹ എന്ന കമ്പിനിയില്‍ നിന്നായിരുന്നു ലോഡ് എത്തിയത്. കേരളത്തില്‍ ബെവ്കോ ഔട്ട് ലെറ്റുകള്‍ വഴി വിതരണം ചെയ്യുന്ന വിലകുറഞ്ഞ് റം ആയ ‘ജവാന്‍’ എന്ന ബ്രാന്റുല്‍പ്പാദിപ്പിക്കുന്നത് ഇവിടെയാണ്. സംഭവത്തില്‍ ഇതുവരെ മൂന്ന് പേരെയാണ് അറസ്റ്റ് ചെയ്തത്.