നന്ദി ഹില്‍സ്..അവധി കിട്ടിയാലും കൂട്ടുകാർ കൂടുമ്പോഴും വൈകിട്ടൊരു ഡ്രൈവ് പ്ലാൻ ചെയ്യുമ്പോഴും എന്തിനധികം നാട്ടിൽ നിന്നും ആരെങ്കിലും വന്നാൽ പോലും പോകാൻ പറ്റിയ ഒരിടമുണ്ടെങ്കിൽ അതിതാണ്.. നമ്മുടെ സ്വന്തം നന്ദി ഹിൽസ്. പുലർച്ചെ മുതൽ വൈകിട്ടു വരെ എപ്പോൾ വേണമെങ്കിലും പോകാം എന്നതിനാൽ മലയാളികൾ ഉൾപ്പെടെയുള്ള ബാംഗ്ലൂരുകാരുടെ പ്രിയപ്പെട്ട ഇടമായി വളരെ പെട്ടെന്നാണ് നന്ദി ഹില്‍സ് മാറിയത്. സ്വന്തമായി വാഹനം ഉള്ളവരെ സംബന്ധിച്ച് നന്ദി ഹിൽസിലേക്കുള്ള യാത്ര വളരെ എളുപ്പമാണ്. എന്നാൽ പൊതുഗതാഗതത്തെ ആശ്രയിച്ചാണ് യാത്രയെങ്കിൽ കുറച്ച് ബുദ്ധിമുട്ടായേക്കാം. വണ്ടി വാടകയ്ക്ക് എടുത്താണെങ്കിലും പോകാനാണ് ആളുകൾ ശ്രമിക്കുന്നത്. എന്നാൽ ഇതൊന്നുമല്ലാതെ കിടിലനൊരു പാക്കേജിൽ നന്ദി ഹില്‍സിലേക്ക് പോയാലോ. കെഎസ്ടിഡിസിയാണ് ഈ ഏകദിന നന്ദി ഹില്‍സ് പാക്കേജ് ഒരുക്കുന്നത്.
നന്ദി ഹിൽസ് കാണാൻ ആരെയും ആശ്രയിക്കാതെ വളരെ കുറഞ്ഞ ചെലവിൽ പോയി വരുവാൻ സാധിക്കുന്ന പാക്കേജാണ് കർണ്ണാടക സ്റ്റേറ്റ് ടൂറിസം ഡെവലപ്മെന്‍റ് കോർപ്പറേഷൻ ( കെഎസ്ടിഡിസി) ഒരുക്കിയിരിക്കുന്നത്. രാവിലെ പുറപ്പെടുന്ന യാത്രയിൽ ടിപ്പു സുൽത്താൻ ജനിച്ച ഇടം, അവിടുത്തെ കോട്ട, ഭോഗ നന്ദീശ്വര ക്ഷേത്രം, നന്ദി ഹിൽസ് എന്നിവിടങ്ങൾ കണ്ട് തിരികെ എത്തുന്ന വിധത്തിലാണ് പാക്കേജ്. അതുകൊണ്ട് തനിച്ചു പോകുവാൻ ആഗ്രഹിക്കുന്നവർക്കും നന്ദ ഹില്‍സിലേക്ക് ധൈര്യമായി പോകാം. രാവിലെ 8.00 മണിക്ക് യശ്വന്ത്പൂർ കെഎസ്ടിഡിസി ഓഫീസിൽ നിന്നുമാണ് യാത്ര ആരംഭിക്കുന്നത്. ടിപ്പു സുൽത്താന്‍റെ ജന്മസ്ഥലമായ ദേവനഹള്ളിയിലെ കോട്ടയാണ് യാത്രയിലെ ആദ്യ ലക്ഷ്യസ്ഥാനം. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിൽ സംരക്ഷിക്കുന്ന ഈ പ്രദേശം ബാംഗ്ലൂരിൽ നിന്നും ഏകദേശം 40 കിമി അകലെയാണ് സ്ഥിതി ചെയ്യുന്നത്. ഒൻപതര മുതൽ പതത്ര വരെയാണ് ഇവിടെ ചെലവഴിക്കുന്ന സമയം. അതിനു ശേഷം ശ്രീ എം വിശ്വേശരയ്യയുടെ ജന്മസ്ഥലം കാണാനായി പോകും. ഇന്ത്യയുടെ ആസൂത്രണത്തിന്റെ പിതാവും മൈസൂറിന്റെ ശില്പിയുമായ വിശ്വേശരയ്യയുടെ ജന്മഗ്രഹം മുദ്ദേനഹള്ളിയിലാണ് സ്ഥിതി ചെയ്യുന്നത്.
ശേഷം ഭോഗനന്ദീശ്വര ക്ഷേത്രത്തിലേക്കാണ് പോകുന്നത്. നന്ദി ഹില്‍സിനു താഴെയായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ബാംഗ്ലൂർ നഗരത്തിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നാണ്. ഒൻപതാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഈ ക്ഷേത്രം ശിവനാണ് സമർപ്പിച്ചിരിക്കുന്നത്. ഒരു മണിയോടെ ഇവിടുന്നിറങ്ങി നന്ദി ഹിൽസിലേക്ക് പോകും. മയൂര പൈൻ ടോപ്പ് ഹോട്ടലിൽ നിന്നും രണ്ട് മണിക്ക് ഉച്ചഭക്ഷണം കഴിച്ച് രണ്ടര മുതൽ അഞ്ച് മണി വരെ നന്ദി ഹിൽസ് കാണാം. നന്ദി ഹില്‍സ് നടന്നു കാണുന്നതിനൊപ്പം ഇവിടുത്തെ ട്രെക്കിങ് പോയിന്‍റും ടിപ്പു ഡ്രോപ്പും കണ്ട് മടങ്ങു. അഞ്ച് മണിക്ക് നന്ദി ഹില്‍സിൽ നിന്നിറങ്ങി വൈകിട്ട് ഏഴു മണിക്ക് യശ്വന്ത്പൂർ കെഎസ്ടിഡിസി ഓഫീസിൽ എത്തിച്ചേരും. ഡീലക്സ് എസി ബസിലുള്ള യാത്രയ്ക്ക് ഒരാൾക്ക് 770 രൂപയാണ് നിരക്ക്. കാണുന്ന ഓരോ സ്ഥലങ്ങളെക്കുറിച്ച് മനസ്സിലാക്കുവാനും പ്രൊഫഷണൽ ഗൈഡിന്‍റെ സഹായവും ഉണ്ടായിരിക്കും. യാത്രയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 080 4334 4334 എന്ന നമ്പറിൽ ബന്ധപ്പെടാം.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.