മുംബൈ: കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍നിന്ന് ട്രെയിനിൽ എത്തുന്നവര്‍ക്ക് മഹാരാഷ്ട്ര ആര്‍ടി പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി. ഈ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ പതിനഞ്ചു ദിവസം നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിയണമെന്നും മഹാരാഷ്ട്രാ സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
കോവിഡ് രൂക്ഷമായ കേരളം, ഗോവ, ഡല്‍ഹി, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം വരുന്നവര്‍ യാത്ര തുടങ്ങും മുമ്പ് കോവിഡ് പരിശോധന നടത്തണം. ആര്‍ടി പിസിആര്‍ പരിശോധനയില്‍ നെഗറ്റിവ് ആണെങ്കില്‍ മാത്രമേ യാത്രയ്ക്ക് അനുമതിയുള്ളൂ. മഹാരാഷ്ട്രയില്‍ എത്തിയാല്‍ പതിനഞ്ചു ദിവസം ഹോം ക്വാറന്റൈനില്‍ കഴിയണമെന്നും ഉത്തരവ് നിര്‍ദേശിക്കുന്നു.
റിസര്‍വേഷന്‍ ഇല്ലാതെ ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് മഹാരാഷ്ട്രയിലേക്ക് യാത്രാനുമതി നല്‍കില്ല. ഉത്തരവ് ലംഘിക്കുന്നവര്‍ക്ക് ആയിരം രൂപ പിഴ ചുമത്തും. യാത്രക്കാരുടെ വിവരങ്ങള്‍ റെയില്‍വേ മുന്‍കൂര്‍ സംസ്ഥാന ദുരന്ത നിവാരണ അധികൃതരെ അറിയിക്കണം.