പത്തനംതിട്ട : കേരളത്തിലെ ട്രഷറികളില്‍ ഉള്ള പെന്‍ഷന്‍കാരുടെ നിക്ഷേപങ്ങള്‍ തട്ടിപ്പുകാര്‍ കൈക്കലാക്കുന്ന പ്രവണത വര്‍ദ്ധിച്ചുവരുന്നതില്‍ പ്രതിഷേധിച്ചുകൊണ്ട് കേരള പെന്‍ഷനേഴ്സ് സംഘ് ജില്ലാ കമ്മിറ്റി പത്തനംതിട്ട ജില്ലാ ട്രഷറിക്കു മുമ്പില്‍ പ്രതിഷേധസമരം സംഘടിപ്പിച്ചു. ഇടതു സര്‍ക്കാരിന്‍റെ ഭരണകാലത്ത് തുടരെ തുടരെ സംസ്ഥാനത്തെ വിവിധ ട്രഷറികളില്‍നിന്നും ജീവനക്കാരുടെ നേതൃത്വത്തില്‍ പണം തടിപ്പ് നടത്തുന്നത് സര്‍ക്കാര്‍ ഗൗരവപൂര്‍വ്വം കാണണമെന്നും സുരക്ഷ ഓഡിറ്റിംഗ് നടത്തി ഇത്തരം തട്ടിപ്പുകള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനും തട്ടിപ്പുകാരെ അറസ്റ്റ് ചെയ്ത് മാതൃകാപരമായി ശിക്ഷിക്കണമെന്നും പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് ബി.എം.എസ്. ജില്ലാ പ്രസിഡന്‍റ് . എം.കെ. അരവിന്ദന്‍ ആവശ്യപ്പെട്ടു.
പ്രതിഷേധസമരത്തിന് പെന്‍ഷനേഴ്സ് സംഘ് ജില്ലാ പ്രസിഡന്‍റ് ആര്‍. മോഹനന്‍, ജില്ലാ സെക്രട്ടറി സി. സുരേഷ്കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. കഴിഞ്ഞ 13 ന് ആണ് ജില്ലാ ട്രഷറിയിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് സബ് ട്രഷറി ഓഫീസടക്കം നാലു ജീവനക്കാരെ സസ്പെൻഡ് ചെയ്ത ഉത്തരവ് പുറത്തിറങ്ങിയത്.
കോന്നി സബ് ട്രഷറി ഓഫീസർ രഞ്ചി കെ.ജോൺ, ജില്ലാ ട്രഷറി സൂപ്രണ്ട്ദേവരാജൻ, ക്ലാർക്ക് ആരോമൽ, തട്ടിപ്പു നടത്തിയ പെരുനാട് സബ് ട്രഷറി ഓഫീസിലെ ജീവനക്കാരൻ സഹീർ മുഹമ്മദ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. മരിച്ചുപോയ പെൻഷണറുടെ ജില്ലാ ട്രഷറിയിലെ ഫിക്സഡ് ഡെപോസിറ്റിന്റെ പലിശ അവരുടെ വ്യാജ എസ്.ബി അക്കൗണ്ട് തുടങ്ങി അതിലൂടെ തട്ടിയെടുക്കുകയായിരുന്നു.