തിരുവനന്തപുരം : ട്രഷറി തട്ടിപ്പ് കേസില്‍ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ സാധ്യത തേടുന്നു. ട്രഷറി വകുപ്പിലെ വീഴ്ചകളെക്കുറിച്ച് അന്വേഷിക്കുന്ന അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാരിന് നല്‍കും.
ട്രഷറി വകുപ്പിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. തട്ടിപ്പുകള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ അന്വേഷണം വേണമെന്നാണ് സിപിഐ അനുകൂല സര്‍വ്വീസ് സംഘടനയായ ജോയിന്‍റ് കൗണ്‍സിലും ആവശ്യപ്പെടുന്നത്. ബിജുലാല്‍ നടത്തിയ ക്രമക്കേടുകളെക്കുറിച്ച് മാത്രമാണ് ക്രൈംബ്രാഞ്ച് ഇപ്പോള്‍ അന്വേഷിക്കുന്നത്. എന്നാല്‍ വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് വിജിലന്‍സ് അന്വേഷണത്തക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നത്. അതേസമയം വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചാല്‍ അത് സര്‍ക്കാരിനും ധനമന്ത്രിക്കുമെതിരെ പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കുമോ എന്ന ആശങ്കയും ഭരണപക്ഷത്ത് ഉയരുന്നുണ്ട്.
അതിനാല്‍ കൂടുതല്‍ കൂടിയാലോചനകള്‍ക്ക് ശേഷമായിരിക്കും അന്തിമ തീരുമാനം. അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടും ഇക്കാര്യത്തില്‍ നിര്‍ണായകമാകും. ബിജുലാല്‍ നടത്തിയതിനു സമാനമായ തട്ടിപ്പുകള്‍ മുമ്പും നടന്നിട്ടുണ്ടോ എന്നും ഉണ്ടെങ്കില്‍ അത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന കാര്യവും അഡീഷണല്‍ ചീഫ് സെക്രട്ടറി പരിശോധിക്കുന്നുണ്ട്. കേസില്‍ അറസ്റ്റിലായ ബിജുലാലില്‍ നിന്ന് വിശദീകരണം തേടാതെ പിരിച്ചുവിടാനുളള നടപടികളും ധനവകുപ്പ് ഊര്‍ജിതമാക്കിയിട്ടുണ്ട്.