തിരുവനന്തപുരം: വഞ്ചിയൂര്‍ ട്രഷറി തട്ടിപ്പ് കേസ് പ്രതി ബിജു ലാലിനെ നാല് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. വഞ്ചിയൂര്‍ ട്രഷറി, വിവിധ ബാങ്കുകള്‍ എന്നിവിടങ്ങളില്‍ ബിജുലാലിനെ കൊണ്ട് തെളിവെടുപ്പ് നടത്തും. ബിജുലാല്‍ നേരത്തെ ജോലി ചെയ്തിട്ടുള്ള കോട്ടയം, വയനാട് ട്രഷറികളിലും തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടിവരുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതുകൂടാതെ കേസിലെ രണ്ടാം പ്രതിയായ ബിജുവിന്റെ ഭാര്യയുടെ പങ്കിനെക്കുറിച്ച് വ്യക്തമാകണമെങ്കില്‍ ബിജു ലാലിനെ കൂടുതല്‍ ചോദ്യം ചെയ്യണമെന്നും പ്രത്യേക സംഘം പറഞ്ഞു.
വഞ്ചിയൂര്‍ ട്രഷറിയില്‍ നിന്നും 2,73,99,000 ബിജു ലാല്‍ തട്ടിയെടുത്തെന്നാണ് പോലീസ് കേസ്. തുടരന്വേഷണത്തില്‍ ട്രഷറിയില്‍ നിന്നും നഷ്ടപ്പെട്ടിരിക്കുന്നത് 73 ലക്ഷമാണെന്ന് കണ്ടെത്തി. ബാക്കി പണം ബിജു ലാലിന്റെയും കേസിലെ രണ്ടാം പ്രതിയായ സിമിയുടെയും അക്കൗണ്ടുകളിലുണ്ടെന്നും കണ്ടെത്തി. മാത്രമല്ല ട്രഷറിയില്‍ മൂന്നു മാസം മുമ്പ് നടന്ന മോഷണം നടത്തിയത് ബിജുലാല്‍ ആണെന്നറിഞ്ഞിട്ടും നടപടിയെടുക്കുന്നതില്‍ ഉദ്യോഗസ്ഥ വീഴ്ച സംഭവിച്ചതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അഴിമതിനിരോധ നിയമപ്രകാരം ട്രഷറിയിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ വിശദമായ അന്വേഷണം വേണമെന്ന നിഗമനത്തിലാണ് ജില്ലാ ക്രൈം ബ്രാഞ്ച് എത്തി ചേര്‍ന്നിരിക്കുന്നത്.