മലപ്പുറം: മഞ്ചേരി കാരക്കുന്നില്‍ ഓടുന്ന ജീപ്പിന് മുകളില്‍ മരം വീണു. ജീപ്പിലുള്ളവര്‍ക്ക് പരുക്കേറ്റു. കോഴിക്കോട് വടകര മണിയൂരില്‍ വിദ്യാര്‍ഥികളുമായി പോയ ഓട്ടോറിക്ഷക്ക് മുകളില്‍ മരം വീണു. ആര്‍ക്കും പരുക്കില്ല. പയ്യോളിയില്‍ റോഡിലെ വെള്ളക്കെട്ടില്‍ ബസ് കുടുങ്ങി. വടകര–കോഴിക്കോട് ദേശീയ പാതയില്‍ ഗതാഗതം മുടങ്ങി. വടകര ജില്ലാ ആശുപത്രിയുടെ മതില്‍ ഇടിഞ്ഞുവീണു. വൈദ്യുതി തൂണുകളും തകര്‍ന്നുവീണു. കനത്ത മഴയിലും കാറ്റിലും മരം വീണ് തൃശൂർ ഇരിഞ്ഞാലപ്പിള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ ചുറ്റമ്പലം തകർന്നു. രാവിലെ 10 ഓടെയായിരുന്നു മരം ക്ഷേത്രത്തിന്റെ തെക്കേ ചുറ്റമ്പലത്തേക്ക് പതിച്ചത്. ഏറെ പഴക്കമുള്ള ക്ഷേത്രമാണിത്. സമീപത്തെ വീടുകളിലും മരം വീണ് നാശനഷ്ടങ്ങളുണ്ടായി. വൈദ്യുതി പോസ്റ്റുകൾ തകർന്ന് പ്രദേശത്തെ വൈദ്യുതി വിതരണവും മുടങ്ങി. പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്.
പത്തനംതിട്ട നിരണത്ത് പള്ളി തകർന്നുവീണു. 134 വർഷം പഴക്കമുള്ള പള്ളി പുതുക്കി പണിയാനുള്ള തയ്യാറെടുപ്പിലായിരുന്നു. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ഇവിടെ കനത്ത മഴ പെയ്തിരുന്നു. ചാലക്കുടി, ആളൂർ മേഖലകളെ വിറപ്പിച്ച് മിന്നൽ ചുഴലി. കാർഷിക മേഖലയിൽ വ്യാപക നാശനഷ്ടം. ചാലക്കുടിയുടെ പടിഞ്ഞാറ് ഭാഗത്തു നിന്ന് ആരംഭിച്ച ചുഴലി കിഴക്കൻ മേഖലയിലൂടെ പുഴയിൽ എത്തി ശക്തി കുറഞ്ഞു. നാലായിരം വാഴകളും ഇരുന്നൂറിലേറെ ജാതി മരങ്ങളും വീണു. മഴയെ തുടർന്ന് കണ്ണൂർ സെൻട്രൽ ജയിലിന്റെ സുരക്ഷ മതിൽ ഇടിഞ്ഞു. 30 മീറ്ററോളം നീളത്തിലാണ് ഒമ്പതാം ബ്ലോക്കിന് സമീപം മതിൽ ഇടിഞ്ഞത്. മതിൽ ഇടിഞ്ഞ സാഹചര്യത്തിൽ ജയിലിന്റെ സുരക്ഷ കൂട്ടി. സായുധ സേനയെ വിന്യസിച്ച് സുരക്ഷ വർദ്ധിപ്പിക്കുമെന്ന് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് പി വിജയൻ മനോരമ ന്യൂസിനോട് പറഞ്ഞു.