പുല്ലാട് : കോയിപ്രം മൃഗാശുപത്രിയിക്ക് സമീപം നിൽക്കുന്ന മരങ്ങളുടെ കമ്പുകൾ കെട്ടിടത്തിന്റെ മുകളിലേക്ക് ചാഞ്ഞുകിടക്കുകയാണ്. മൃഗാശുപത്രിയുടെ പിറകുവശത്തുള്ള പുരയിടം കാട് പിടിച്ചുകിടക്കുകയാണ്. കൈയ്യാലപ്പുറത്ത് നിൽക്കുന്ന മരങ്ങൾ ഏതുനിമിഷവും കെട്ടിടത്തിന്റെ മുകളിലേക്ക് പതിക്കാവുന്ന അവസ്ഥയാണ്. ഇടവപ്പാതി കഴിഞ്ഞ് തുലാമഴ എത്തുന്നത് ആശങ്കയോടെയാണ് ജീവനക്കാർ കാണുന്നത്. ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്. മരുന്നുകൾ സൂക്ഷിക്കുന്ന മുറിയുടെ ജനാലവഴി പാമ്പുകൾ അകത്തുകയറാറുണ്ട്. രണ്ട് മാസം മുമ്പ് പഞ്ചായത്തിൽനിന്നു ജീവനക്കാർ എത്തി അപകടാവസ്ഥയിലുള്ള മരങ്ങളുടെ എണ്ണം എടുത്തെങ്കിലും തുടർനടപടി ഒന്നും ഉണ്ടായില്ല.
മൃഗാശുപത്രിയുടെ മുൻപിൽ നിൽക്കുന്ന വാകമരത്തിന്റെ അകം പൊള്ളയാണ്. ആശുപത്രിയിൽ വരുന്ന ആളുകളുടെ വാഹനങ്ങൾ പാർക്കുചെയ്യുന്നത് വാകമരത്തിന്റെ ചുവട്ടിലാണ്. ഇടയ്ക്കിടെ ഉണങ്ങിയ കമ്പുകൾ ഒടിഞ്ഞുവീഴുന്നത് പതിവാണെന്ന് ജീവനക്കാർ പറയുന്നു. സമീപത്ത് നില്ക്കുന്ന ആഞ്ഞിലിയും അപകടാവസ്ഥയിലാണ്. ആഞ്ഞിലിമരം നിൽക്കുന്നത് കൈയ്യാലപ്പുറത്താണ്. നാല് മാസം മുമ്പ് ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും മൃഗാശുപത്രി കെട്ടിടത്തിന്റെ മുകളിലേക്ക് സമീപത്തുനിന്നിരുന്ന മരം വീണിരുന്നു. അപകടം നടക്കുമ്പോൾ കെട്ടിടത്തിനുള്ളിൽ ആരും ഉണ്ടായിരുന്നില്ല. മരത്തിന്റെ ചുവട് ദ്രവിച്ചിട്ടുണ്ടായിരുന്നു. കെട്ടിടത്തിന് മുമ്പിൽ ഉണ്ടായിരുന്ന ഷെയ്ഡ് തകർന്നു. മരത്തിന്റെ ഒരു കമ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന്റെ മുകളിലത്തെ നിലയിലാണ് പതിച്ചത്. മഴയും കാറ്റും എത്തുന്നതിനുമുമ്പ് അധികൃതർ നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ്