തിരുവനന്തപുരം: വ്യാജരേഖ നിർമിച്ച് അട്ടപ്പാടിയിലെ ആദിവാസി ഭൂമി കൈയേറുന്നതിൽ ഉന്നതതല അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ആദിവാസികൾ പരാതി നൽകി. വിവിധ ഊരുകളിൽ നിന്നായി 50 ഓളം ആദിവാസികളാണ് മുഖ്യമന്ത്രിയെ കാണാൻ ഇന്ന് തിരുവനന്തപുരത്ത് എത്തിയിരിക്കുന്നത്. ഭൂമാഫിയകളുടെ ആക്രമം മൂലം ആദിവാസി ജനതയ്ക്ക് ജീവിക്കാൻ സാധിക്കാത്ത അവസ്ഥയാണുള്ളതെന്ന് അവർ മുഖ്യമന്ത്രിയോട് പറഞ്ഞു. വ്യാജരേഖയുണ്ടാക്കി വൻതോതിൽ നടക്കുന്ന ആദിവാസി ഭൂമിയിലെ കൈയേറ്റം സംബന്ധിച്ച് സമഗ്രമായ ഉന്നതതല അന്വേഷണം നടത്തണം.ഇന്നത്തെ റവന്യൂ പ്രിൻസിപ്പിൽ സെക്രട്ടറിയുടെയോ ലാൻഡ് റവന്യൂ കമ്മീഷണറുടെയോ നേതൃത്വത്തിൽ ഉന്നതതല സമിതിയെയോ അട്ടപ്പാടിയിലെ ഭൂമി കൈയേറ്റം അന്വേഷിക്കാൻ സർക്കാർ ഉത്തരവിടണം.
ആദിവാസി ഭൂമി കൈയേറ്റം ഒഴിപ്പിക്കാൻ സർക്കാർ നടപടി സ്വീകരിക്കണം. വ്യാജ ആധാരങ്ങൾ ശാസ്ത്രീയമായി പരിശോധിക്കണം. വ്യാജ ആധാരങ്ങളുടെ ഉറവിടം കണ്ടെത്തണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. ആദിവാസി ഭൂമിക്ക് വ്യാജരേഖ ഉണ്ടാക്കുന്നവർക്ക് നികുതി രസീതും കൈവശ സർട്ടിഫിക്കറ്റും നൽകാൻ റിപ്പോർട്ട് നൽകുന്ന അട്ടപ്പാടി ട്രൈബൽ താലൂക്ക് തഹസിൽദാർ അടക്കമുള്ള റവന്യൂ ഉദ്യോഗസ്ഥരുടെ പേരിൽ പട്ടികജാതി പട്ടികവർഗ്ഗ അതിക്രമ നിരോധന നിയമ പ്രകാരം കേസെടുക്കണം. ദേശീയ അവാർഡ് നേടിയ ഗായിക നഞ്ചിയമ്മയുടെ കുടുംബഭൂമി നിരപ്പത്ത് ജോസഫ് കുര്യനും കെ.വി മാത്യുവും ചേർന്നാണ് വ്യാജ നികുതി രസീത് ഉണ്ടാക്കി തട്ടിയെടുത്തതെന്ന് റവന്യൂ വിജിലൻസ് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
ആ റിപ്പോർട്ട് പ്രകാരം വ്യാജ നികുതി രസീത് ഉണ്ടാക്കിയവരുടെ മേൽ പട്ടികജാതി പട്ടികവർഗ്ഗ അതിക്രമം തടയൽ നിയമപ്രകാരം കേസെടുക്കണമെന്നും ആവശ്യപ്പെടുകയുണ്ടായി. അട്ടപ്പാടിയിൽ പല പേരുകളിൽ ട്രസ്റ്റുകളും സൊസൈറ്റികളും ആദിവാസി ഭൂമിയിൽ വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്ത് മറിച്ച് വിൽക്കുന്നുണ്ട്. ഉദാഹരണമായി ചാലക്കുടി സനാതന ധർമ്മ ട്രസ്റ്റ്, അഗ്രി ഫാം, പാലാരിവട്ടം നവജീവൻ ചാരിബിൾ ട്രസ്റ്റ്, വിദ്യാധിരാജ ട്രസ്റ്റ്, കോട്ടത്തറ അഗ്രി ഫിമിങ് സൊസൈറ്റി തുടങ്ങിയവ ഇതിൽ ചിലത് മാത്രമാണ്. ഇവരൊന്നും അട്ടപ്പാടിയുമായി ബന്ധമുള്ളവരല്ല. ഇത്തരം ട്രസ്റ്റുകളും സൊസൈറ്റുകളും അട്ടപ്പാടിയിൽ ഭൂമി വാങ്ങിയതിനെ കുറിച്ച് അന്വേഷണം നടത്തേണ്ടതുണ്ട്.
ഭൂപരിഷ്കരണ നിയമത്തിലെ ഭൂപരിധി ലംഘിച്ചു വാങ്ങിയ ഭൂമി തിരിച്ചെടുത്ത് ആദിവാസികൾക്ക് കൊടുക്കണം. ഇവരുടെ കൈയിൽ ആധാരങ്ങളുണ്ട്. ഭൂമി എവിടെയാണെന്ന് അറിയില്ല. ഇവർക്ക് ഭൂമി കണ്ടെത്തിക്കൊടുക്കുന്നത് അട്ടപ്പാടി ട്രൈബൽ തഹസീൽദാർ ഉൾപ്പെടെയുള്ള റവന്യൂ ഉദ്യോഗസ്ഥരാണെന്നും പരാതിയിൽ വ്യക്തമാകുന്നുണ്ട്. പരാതി റവന്യൂ മന്ത്രിക്ക് കൈമാറുമെന്നും തുടർ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി ആദിവാസി മഹാസഭ കൺവീനർ ടി.ആർ. ചന്ദ്രൻ പറഞ്ഞു. ഉച്ചക്ക് മൂന്നിന് ഡി.ജി.പിയെ കണ്ടും പരാതി നൽകും.