റാന്നി : ശബരിമല വനമേഖലയിലുൾപ്പെട്ട മഞ്ഞത്തോട്, പ്ലാപ്പള്ളി ഭാഗങ്ങളിൽ താമസിക്കുന്ന ആദിവാസികൾക്ക് ആഴ്ചയിൽ രണ്ട് തവണ കുടിവെള്ളം എത്തിക്കുന്നതിന് പട്ടിക വർഗ്ഗ വകുപ്പ് നടപടി സ്വീകരിച്ചതായി അഡ്വ പ്രമോദ് നാരായൺ എംഎൽഎ പറഞ്ഞു. വനമേഖലയിൽ അമ്പതോളം കുടുംബങ്ങളാണ് താമസിക്കുന്നത്. ഇപ്പോൾ ഇവർ വളരെ ദൂരം സഞ്ചരിച്ചാണ് ഓരോ ദിവസവും ആവശ്യത്തിനുള്ള കുടിവെള്ളം എത്തിക്കുന്നത്. ഇവിടെ താമസിക്കുന്ന മലമ്പണ്ടാരം വിഭാഗങ്ങൾക്കാണ് ട്രൈബൽ വകുപ്പ് കുടിവെള്ളം എത്തിച്ചു നൽകുക.
എംഎൽഎയുടെ നിർദ്ദേശപ്രകാരം കുടിവെള്ളം എത്തിക്കാൻ നടപടി സ്വീകരിച്ചതായി ജില്ലാ ട്രൈബൽ ഓഫീസർ എംഎൽഎയെ അറിയിച്ചു. ഇവിടുത്തെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണും. ഇതിനായി പെരുനാട് പഞ്ചായത്ത് 15 ലക്ഷം രൂപയുടെ പദ്ധതി വിഭാവനം ചെയ്തതായി പഞ്ചായത്ത് പ്രസിഡൻറ് പി എസ് മോഹനൻ എംഎൽഎ യെ അറിയിച്ചു. ഇതിനായി ളാഹ വളഞ്ഞങ്ങാനം കുളം നവീകരിച്ച് ആഴം കൂട്ടും. പുതിയ ടാങ്ക് നിർമ്മിച്ച് പൈപ്പ് ലൈൻ നീട്ടും. ഇതിനെല്ലാം കൂടിയാണ് 15 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്. രണ്ടുദിവസത്തിനകം പദ്ധതി ടെൻഡർ ചെയ്യും. ഇതുകൂടാതെ മണ്ണാറക്കുളഞ്ഞി ചാലക്കയം റോഡരികിൽ വനംവകുപ്പിന്‍റെ അനുമതിയോടെ കിണർ നിർമ്മിച്ച് ആദിവാസി ഊരുകളിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാനും പഞ്ചായത്തിന് പദ്ധതിയുണ്ട്.