കൊച്ചി : തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കള്ളവോട്ടിന് ഇരയായവരില്‍ ‘മൈഡിയര്‍ കുട്ടിച്ചാത്തനി’ലെ ബാലതാരമായിരുന്ന മുകേഷും. മുകേഷ് ബൂത്തില്‍ എത്തുംമുമ്പേ മാവേലിപുരത്ത് അദ്ദേഹത്തിന്റെ വോട്ട് മറ്റാരോ ചെയ്തിരുന്നു. വോട്ട് ചെയ്യാനായി പ്രിസൈഡിങ് ഓഫീസില്‍ എത്തിയപ്പേഴാണ് ഇക്കാര്യമറിയുന്നത്. തുടര്‍ന്ന് ബാലറ്റ്‌പേപ്പറില്‍ വോട്ട് രേഖപ്പെടുത്തി പ്രത്യേക കവറില്‍ സൂക്ഷിക്കുന്ന ട്രേഡ് വോട്ട് അനുവദിക്കുകയായിരുന്നു.
സിനിമാ ഛായാഗ്രാഹകന്‍ സാലു ജോര്‍ജിന്റെ മകന്റെ പേരിലുള്ള വോട്ട് ആരോ ചെയ്തതായി പ്രിസൈഡിങ് ഓഫീസര്‍ക്കു യുഡിഎഫ് പരാതി നല്‍കിയിട്ടുണ്ട്. ഇടപ്പള്ളി ഗവണ്‍മെന്റ് സെക്കന്‍ഡറി സ്‌കൂള്‍ ബൂത്തില്‍ നിന്നുമാണ് പരാതി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. വോട്ട് ചെയ്തയാളെ ഇതുവരെ തിരിച്ചറിയാനായില്ല. സാലുവിന്റെ മകന്‍ കാനഡയിലാണ്.
പൊന്നുരുന്നി സികെസി എല്‍പിഎസില്‍ കള്ളവോട്ടിനു ശ്രമിച്ചയാളെ പിടി കൂടി പോലീസില്‍ ഏല്‍പ്പിച്ചു. സഞ്ജു എന്നയാളുടെ വോട്ട് ചെയ്യാനെത്തിയെന്ന് ആരോപിച്ച് ഡിവൈഎഫ്‌ഐ പാമ്പാക്കുട മേഖലാ സെക്രട്ടറി ആല്‍ബിനെ പോലീസില്‍ ഏല്‍പ്പിച്ചത്. എന്നാല്‍ സഞ്ജു മുബൈയിലാണ് താമസിക്കുന്നത്. ആല്‍ബിന്‍ മണ്ഡലത്തിലുള്ളയാളല്ല. അറസ്റ്റ് ചെയ്ത ആല്‍ബിനെ ജാമ്യത്തില്‍ വിട്ടയച്ചു. വോട്ടര്‍ പട്ടികയില്‍ പേരുണ്ടെങ്കിലും സ്ഥലത്തില്ലാത്തവരുടെ ലിസ്റ്റ് യുഡിഎഫ് തയാറാക്കി ബൂത്ത് ഏജന്റുമാര്‍ക്ക് നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ആല്‍ബിനെ കണ്ടെത്താന്‍ കഴിഞ്ഞത്.