കാക്കനാട് : തൃക്കാക്കര നഗരസഭയുടെ മെഗാ പദ്ധതികളായ ബസ് സ്റ്റാന്‍ഡ് കം വ്യാപാര സമുച്ചയം മുനിസിപ്പല്‍ സ്റ്റേഡിയം എന്നിവയുടെ നിര്‍മാണ ചുമതലയില്‍നിന്ന് ഊരാളുങ്കല്‍ ലേബര്‍ കോഓപറേറ്റിവ് സൊസൈറ്റിയെ ഒഴിവാക്കി. അനുമതിനല്‍കി എട്ട് മാസമായിട്ടും തുടര്‍ നടപടി ഇല്ലാത്ത സാഹചര്യത്തിലാണ് തീരുമാനം. കരാര്‍ റദ്ദാക്കാനും വീണ്ടും ടെന്‍ഡര്‍ വിളിക്കാനുമാണ് തീരുമാനം. ബുധനാഴ്ച ചേരുന്ന കൗണ്‍സിലില്‍ ഇതു സംബന്ധിച്ച് നടപടിയുണ്ടാകും. യു.ഡി.എഫ് ഭരണസമിതിയുടെ സ്വപ്നപദ്ധതികളാണ് ഇവ രണ്ടും.
സെപ്റ്റംബറിലായിരുന്നു പദ്ധതിയുടെ നിര്‍മാണപ്രവര്‍ത്തങ്ങള്‍ക്ക് അനുമതി നല്‍കിയത്. ആദ്യം മുതല്‍ ഏറെ വിവാദങ്ങള്‍ക്കാണ് പദ്ധതിയുമായി ബന്ധപ്പെട്ടുണ്ടായത്. മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്നും ചട്ടലംഘനം ഉണ്ടായെന്നും ചൂണ്ടിക്കാട്ടി ഇടതുപക്ഷം രംഗത്ത് വന്നിരുന്നു. പിന്നീട് പദ്ധതിയുടെ സി.പി.ആര്‍ സംബന്ധിച്ച വിവാദങ്ങള്‍ വാക്കേറ്റങ്ങളിലേക്കും നയിച്ചു. തങ്ങളോട് ആലോചിക്കാതെയും തങ്ങളെ അറിയിക്കാതെയുമാണ് അധ്യക്ഷ തീരുമാനങ്ങള്‍ എടുക്കുന്നതെന്ന് ചൂണ്ടിക്കാട്ടി കൗണ്‍സിലര്‍മാര്‍ പ്രതിഷേധിക്കുന്ന സാഹചര്യവുമുണ്ടായി.
ഇതിനിടെ ഊരാളുങ്കല്‍ സൊസൈറ്റി പ്രതിനിധികള്‍ നഗരസഭയില്‍ എത്തി പദ്ധതി പ്രദേശം സന്ദര്‍ശിക്കുകയും സര്‍വേ നടപടികള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തിരുന്നു. എന്നാല്‍, റവന്യൂവകുപ്പ് ഇടപെട്ട് സര്‍വേ നിര്‍ത്തിച്ചു. ഭൂമി റവന്യൂ വകുപ്പിന്റെ ഉടമസ്ഥതയില്‍ ഉള്ളതാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഇത്. പിന്നീട് നഗരസഭാധ്യക്ഷ അജിത തങ്കപ്പന്റെ നേതൃത്വത്തില്‍ പലതവണ ജില്ല ഉള്‍പ്പെടെ വകുപ്പ് അധികൃതരുമായി ചര്‍ച്ചകള്‍ നടത്തിയാണ് അനുമതി നേടിയത്. എന്നാല്‍, പിന്നീട് ഊരാളുങ്കല്‍ സൊസൈറ്റിയുടെ ഭാഗത്തുനിന്ന് നടപടികളൊന്നുമുണ്ടായില്ല