കൊച്ചി : തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വിജയ സാധ്യതയെന്ന് കേരളാ പോലീസ് സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ പ്രാഥമിക വിലയിരുത്തല്‍. കഴിഞ്ഞ തവണത്തെതിനേക്കാള്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് ഭൂരിപക്ഷം കുറയുമെന്നും റിപ്പോര്‍ട്ടിലുണ്ട്. രണ്ടായിരം മുതല്‍ അയ്യായിരം വോട്ടിന്റെ വരെ ഭൂരിപക്ഷത്തില്‍ ആകും ഉമ തോമസിന്റെ വിജയമെന്നും ഇന്റലിജെന്‍സ് പ്രാഥമിക വിലയിരുത്തില്‍ പറയുന്നു. രണ്ടു ശതമാനം വോട്ടുകളാണ് നിര്‍ണായകമാകുക.
സിപിഎമ്മിന്റെ പാര്‍ട്ടി ഘടകങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ട് ഇനിയും തയാറായിട്ടില്ല. പാര്‍ട്ടി സംവിധാനം ഉപയോഗിച്ച് നടത്തുന്ന വിശകലനം ഇന്നു വൈകുന്നേരത്തോടെ തയ്യാറാകുമെന്നറിയുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഘടകങ്ങള്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ കാര്യമായ പിഴവ് വന്നതിനെ തുടര്‍ന്ന് സമര്‍പ്പിക്കുന്ന കണക്കുകള്‍ പരമാവധി ശരിയായിരിക്കണമെന്ന് നേതൃത്വം നല്‍കിയ താക്കീതിനെ തുടര്‍ന്ന് ഇഴകീറിയുള്ള പരിശോധനയ്ക്ക് ശേഷം മാത്രമെ ഇപ്പോള്‍ റിപ്പോര്‍ട്ട് മേല്‍ഘടകങ്ങളിലേക്ക് നല്‍കാറുള്ളു.
ശക്തമായ രാഷ്ട്രീയ പോരാട്ടം എന്നൊക്കെ വിശേഷിപ്പിക്കപ്പെട്ടെങ്കിലും തൃക്കാക്കരയില്‍ കാര്യമായി പോളിങ് ഉയര്‍ന്നിരുന്നില്ല. പ്രാഥമിക കണക്കുകള്‍ പ്രകാരം 68.75 ശതമാനം മാത്രമാണ് പോളിങ്. മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതൃനിരയിലെ സകലരും ഒരുമാസത്തോളം ക്യാംപ് ചെയ്തു നടത്തിയിട്ടും 2021 ലെ 70.36 ശതമാനത്തിന് അടുത്തു മാത്രമേ പോളിങ് എത്തിയിട്ടുള്ളു. അന്തിമ കണക്കുകളിൽ ചെറിയ വ്യത്യാസം വന്നേക്കാം.