തിരുവനന്തപുരം: കൊവിഡ് അതിവേഗ വ്യാപനമുളള തലസ്ഥാന ജില്ലയുള്‍പ്പടെ നാല് ജില്ലകളില്‍ ഞായറാഴ്‌ച മുതല്‍ ട്രിപ്പിള്‍ ലോക്ഡൗണാണ്. തിരുവനന്തപുരത്തിന് പുറമേ എറണാകുളം, മലപ്പുറം, തൃശൂര്‍ എന്നീ ജില്ലകളിലാണ് ട്രിപ്പിള്‍ ലോക്ഡൗണുണ്ടാകുക.
തീവ്ര വ്യാപനമുളള സ്ഥലങ്ങളില്‍ സര്‍ക്കാര്‍ നിയന്ത്രണം കര്‍ശനമാക്കുന്നതിനെയാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. സംസ്ഥാനത്ത് മുമ്പ് കാസര്‍കോട് ജില്ലയില്‍ കൊവിഡ് ഒന്നാംഘട്ട വ്യാപന സമയത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി രോഗനിരക്ക് കുറച്ചിരുന്നു. ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ സ്ഥലത്ത് പുറമേ നിന്നുളള ആര്‍ക്കും പ്രവേശനമുണ്ടാകില്ല. പോലീസ് ഇക്കാര്യം ഉറപ്പുവരുത്തും. കൊവിഡ് രോഗബാധിതര്‍ വീട്ടില്‍ തന്നെയുണ്ടെന്ന് ഉറപ്പാക്കും. സമൂഹവ്യാപനം തടയുന്നതിനുളള മുന്‍കരുതലാണിത്.
ട്രിപ്പിള്‍ ലോക്ഡൗണ്‍ കര്‍ശനം
സാധാരണ ലോക്ഡൗണും ട്രിപ്പിള്‍ ലോക്ഡൗണും തമ്മിലെ വ്യത്യാസം സാധാരണ ലോക്ഡൗണിന് അവശ്യ സര്‍വീസുകളും സ്ഥലത്തെ കടകള്‍, ബാങ്കുകള്‍ എന്നിവ നിയന്ത്രിത അളവില്‍ പ്രവര്‍ത്തിക്കും. എന്നാല്‍ ട്രിപ്പിള്‍ ലോക്ഡൗണിന് ശക്തമായ പരിശോധനകളുണ്ടാകും, പ്രവേശനം ഒരിടത്തുകൂടി മാത്രമാകും. വിമാനത്താവളങ്ങള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍ എന്നിവയുടെ പ്രവര്‍ത്തനം തടയില്ല. ഇവിടങ്ങളിലേക്കുളള ടാക്‌സി സര്‍വീസും തടയില്ല. ചരക്ക് വാഹനങ്ങള്‍, മെഡിക്കല്‍ ഷോപ്പ്, ആശുപത്രി ഇവ പ്രവര്‍ത്തിക്കും. എടിഎം, ഡേറ്റ സെന്റര്‍ ഓപ്പറേറ്റര്‍മാര്‍, ബാങ്കിംഗ് എന്നിവയുണ്ടാകും.
അത്യാവശ്യം വേണ്ടപ്പോഴല്ലാതെ വീട്ടില്‍ നിന്ന് പുറത്തിറങ്ങാനോ, റോഡില്‍ യാത്ര ചെയ്യാനോ പറ്റില്ല. മറ്റുളള പൊതു ഇടങ്ങളിലെ ഒരുവിധ പ്രവര്‍ത്തനങ്ങളും അനുവദിക്കില്ല. സാങ്കേതിക വിദ്യാ സഹായത്തോടെ നിയമലംഘനം നടത്തുന്നത് ശ്രദ്ധിക്കാന്‍ പ്രത്യേക സംവിധാനമൊരുക്കും.