തിരുവനന്തപുരം: തിരുവനന്തപുരത്ത് ഏര്‍പ്പെടുത്തിയ ട്രിപ്പിള്‍ ലോക്ക്ഡൗണില്‍ ഇളവ്. ഇത് സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. രാത്രി കര്‍ഫ്യൂവിലും കടകള്‍ തുറക്കുന്നതിലും ഇളവ് നല്‍കിയിട്ടുണ്ട്. നാളെ രാവിലെ ആറുമണി മുതലായിരിക്കും ഇളവുകള്‍ പ്രാബല്യത്തില്‍ വരിക.
നഗര പരിധിയില്‍ രാത്രി കര്‍ഫ്യൂ 7 മുതല്‍ പുലര്‍ച്ചെ 5 വരെ. ജില്ലയിലെ മറ്റിടങ്ങളില്‍ രാത്രി 9 മുതല്‍ പുലര്‍ച്ചെ 5 വരെയാണ് കര്‍ഫ്യൂ. കടകള്‍ രാവിലെ 7 മുതല്‍ 12 വരെയും 4 മുതല്‍ 6 വരെ തുറക്കാം. പച്ചക്കറി, പലചരക്ക്, പാല് കടകള്‍ക്ക് മാത്രമേ തുറക്കാനാവൂ. ബേക്കറികളും തുറക്കാം. ഭക്ഷണ വിതരണം ജനകീയ ഹോട്ടലുകള്‍ വഴി മാത്രം അനുവദിക്കും. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടരാനും അനുമതിയുണ്ട്.
അതേസമയം രോഗവ്യാപനം വലിയരീതിയിലുണ്ടായ പൂന്തുറ, മാണിക്യ വിളാകം, പുത്തന്‍ പള്ളി മേഖലയില്‍ അവശ്യസാധനങ്ങളുടെ കടകള്‍ രാവിലെ 7 മുതല്‍ 2 വരെ മാത്രം തുറക്കാം. സാധനങ്ങള്‍ വാങ്ങാനും മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും മാത്രമേ ആളുകള്‍ക്ക് പുറത്തിറങ്ങാനാവൂ. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഓട്ടോ ടാക്സി സര്‍വീസ് നടത്താനും അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ബസ് ഗതാഗതം ഉണ്ടാകില്ല. ഐടി സ്ഥാപനങ്ങള്‍ മിനിമം ജോലിക്കാരെ വെച്ച് പ്രവര്‍ത്തിക്കാം.
അതേസമയം സംസ്ഥാനത്തെ തീരപ്രദേശങ്ങളിലെ തീവ്ര കണ്ടെയിന്മെന്റ് സോണുകളില്‍ പത്ത് ദിവസത്തേക്ക് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ജൂലായ് 13 വൈകുന്നേരം ആറുമുതല്‍ ജൂലായ് 23 നു വൈകുന്നേരം ആറു വരെയാകും ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കുക.