തൃശൂര്‍ : കോവിഡിനെ തുടര്‍ന്നുള്ള രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടന്ന ഈ വര്‍ഷത്തെ തൃശൂര്‍പ്പൂരം പൂര പ്രേമികളുടെ കണ്ണും കാതും മനസും നിറച്ച് അങ്ങനെ വിടവാങ്ങുകയാണ്. പൂരത്തിന്റെ ചടങ്ങുകള്‍ പരിസമാപ്തിയായി. തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാര്‍ ശ്രീമൂലസ്ഥാനത്ത് ഉപചാരം ചൊല്ലിപ്പിരിഞ്ഞതോടെ ചടങ്ങുകള്‍ പൂര്‍ത്തിയായി. ഇനി അടുത്തവര്‍ഷം ഏപ്രില്‍ 30 നാണ് പൂരം. പകല്‍പ്പൂരം മെയ് ഒന്നിന് നടക്കും. പൂര വിളംബരം ഏപ്രില്‍ 29 നായിരിക്കും
അതേസമയം, കനത്ത മഴയെ തുടര്‍ന്ന് മാറ്റിവെച്ച പൂരം വെടിക്കെട്ട് വൈകിട്ട് ഏഴ് മണിക്ക് നടക്കും. കളക്ടര്‍ വിളിച്ച യോഗത്തിലാണ് തീരുമാനം. കുടമാറ്റത്തിന്റെ സമയത്തടക്കം ചൊവ്വാഴ്ച തൃശൂര്‍ നഗരത്തില്‍ കനത്ത മഴ പെയ്തിരുന്നു. എന്നാല്‍ മഴയെ അവഗണിച്ച് പൂരത്തിന്റെ ആവേശം ഒട്ടും ചോരാതെ കുടമാറ്റം നടന്നിരുന്നു. എന്നാല്‍ വെടിക്കെട്ട് നടത്താന്‍ മഴ വലിയ തടസം സൃഷ്ടിച്ചു. തൃശൂര്‍ പൂരം വെട്ടിക്കെട്ട് കാണാനുള്ള നിയന്ത്രണം ചൊവ്വാഴ്ച വലിയ തോതില്‍ ആശങ്കയുളവാക്കിയിരുന്നു.
പിന്നീട് പോലീസും ദേവസ്വം അധികൃതരും സര്‍കാര്‍ പ്രതിനിധികളും തമ്മില്‍ ചര്‍ച നടത്തി. സ്വരാജ് റൗണ്ടില്‍ കാണികളെ അനുവദിക്കാത്ത സാഹചര്യത്തില്‍ സ്വരാജ് റൗണ്ടിലെ കെട്ടിടങ്ങള്‍ക്ക് മുകളില്‍ നിന്ന് വെടിക്കെട്ട് കാണാനുള്ള അവസരം ഒരുക്കിയിരുന്നു. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായപ്പോഴാണ് അസാനി ചുഴലിക്കാറ്റിന്റെ പ്രഭാവത്തിന്റെ ഭാഗമായുള്ള മഴ തൃശൂര്‍ നഗരത്തില്‍ തോരാതെ പെയ്തത്. എങ്കിലും ആവേശം ചോരാതെ ഭക്തര്‍ പൂരം പൊടിപൊടിച്ചു.