ഹൈദരാബാദ്: തെലുങ്ക് നടൻ വിഷ്ണു മഞ്ചുവിനെയും അദ്ദേഹത്തിന്‍റെ പ്രൊഡക്ഷൻ ഹൗസിനെയും ലക്ഷ്യമിട്ട് ട്രോളുകളും വീഡിയോകളും നിർമിച്ച് അപകീർത്തിപ്പെടുത്തിയെന്ന കേസിൽ യൂട്യൂബർക്കെതിരെ പോലീസ് അന്വേഷണം. വിജയ് ചന്ദ്രഹാസൻ ദേവരകൊണ്ട എന്ന യൂട്യൂബർക്കെതിരെയാണ് ഹൈദരാബാദ് സൈബർ ക്രൈം യൂണിറ്റ് കേസെടുത്തിരിക്കുന്നത്. മൂവി ആർട്ടിസ്റ്റ് അസോസിയേഷന്‍റെ (എം.എ.എ) ശിവ ബാലാജി നൽകിയ പരാതിയിൽ ഐടി ആക്ട് സെക്ഷൻ 66 സി, ഡി, 351(2) ബി.എൻ.എസ് എന്നിവ പ്രകാരമാണ് കുറ്റം ചുമത്തിയിരിക്കുന്നത്.
പ്രതി തന്‍റെ യൂട്യൂബ് ചാനലിൽ കാഴ്‌ചക്കാരെ വർധിപ്പിക്കാൻ വിഷ്ണു മഞ്ചുവിനെ കുറിച്ച് തെറ്റായ ഉള്ളടക്കം നൽകി വിദ്വേഷവും അവഹേളനപരവുമായ പ്രസ്താവനകൾ പ്രചരിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. പ്രതി നിർമിച്ച വീഡിയോയിൽ വിഷ്ണു മഞ്ചുവിനെയും എം.എ.എയെയും നടിമാരെയും ലക്ഷ്യമിട്ട് മോശമായ ഭാഷയിൽ അപകീർത്തികരമായ പരാമർശം നടത്തിയെന്നും ആരോപണമുണ്ട്. സമൂഹമാധ്യമങ്ങളിലെ ട്രോളുകളും സൈബർ ഭീഷണിയും ഗുരുതരമായ മാനസിക ബുദ്ധിമുട്ടുകൾ ഇരകൾക്ക് ഉണ്ടാക്കും. ഇതിനെതിരെ നടപടിയുണ്ടാകുമെന്ന് സൈബർ ക്രൈം യൂണിറ്റ് അറിയിച്ചു.