ന്യൂഡല്‍ഹി: കര്‍ഷക സമരത്തിന് പിന്തുണയറിയിച്ച് ഉത്തരേന്ത്യയിലെ ട്രക്കുകളും പണിമുടക്കുന്നു. ഒരു കോടി ട്രക്ക് ഉടമകള്‍ അംഗങ്ങളായുള്ള ആള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. ഡിസംബര്‍ എട്ട് മുതല്‍ സര്‍വീസ് നിര്‍ത്തിവെക്കുമെന്നാണ് ഇവരുടെ അറിയിപ്പ്. കര്‍ഷക സമരത്തോടൊപ്പം ട്രക്കുകളും കൂടി സര്‍വിസ് നിര്‍ത്തിയാല്‍ അത് ഉത്തരേന്ത്യയെ ഗുരുതരമായി ബാധിക്കും.
ഉത്തരേന്ത്യയിലെ മുഴുവന്‍ സര്‍വിസുകളും നിര്‍ത്തിവെക്കുമെന്ന് എ.ഐ.എം.ടി.സി പ്രസിഡന്റ് കുല്‍താരന്‍ സിങ് അത്വാല് പറഞ്ഞു. ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ജമ്മുകശ്മീര്‍ എന്നിവിടങ്ങളിലെ ട്രക്ക് സര്‍വിസാണ് നിലക്കുക. കര്‍ഷകര്‍ അവരുടെ നിയമപരമായ അവകാശങ്ങള്‍ക്കായാണ് സമരം ചെയ്യുന്നത്. അതുകൊണ്ട് അവര്‍ക്ക് പിന്തുണ കൊടുക്കേണ്ട സമയമാണ്. ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും വിളവെടുപ്പ് കാലമാണ്. കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ അത് ഉത്തരേന്ത്യയെ ഗുരുതരമായി ബാധിക്കുമെന്ന് സംഘടന മുന്നറിയിപ്പ് നല്‍കി.
കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയാണ് കര്‍ഷകരുടെ സമരം ശക്തമാവുന്നത്. ഡല്‍ഹിയുടെ വിവിധ അതിര്‍ത്തികളില്‍ കര്‍ഷകര്‍ തമ്പടിച്ചിരിക്കുകയാണ്.