സാന്‍ഫ്രാന്‍സിസ്‌കോ : മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിന് അനിശ്ചിതകാലത്തേക്ക് വിലക്കേര്‍പ്പെടുത്തിയ നടപടി പരിശോധിക്കുന്ന ഫെയ്‌സ്ബുക്കിന്റെ ഓവര്‍സൈറ്റ് ബോര്‍ഡ് വിഷയത്തില്‍ പൊതുജനങ്ങളുടെ അഭിപ്രായം തേടുന്നു.
ജനുവരി ആറിന് ട്രംപ് അനുകൂലികള്‍ യുഎസ് കാപിറ്റോളിന് നേരെ നടത്തിയ അക്രമസംഭവങ്ങളില്‍ ട്രംപിന്റെ രണ്ട് പോസ്റ്റുകളും ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയും പ്രോത്സാഹനമായെന്ന നിരീക്ഷണത്തിലാണ് അക്കൗണ്ടിന് അനിശ്ചിതകാല വിലക്കേര്‍പ്പെടുത്തുന്നതിലേക്ക് നയിച്ചത്. ഈ പോസ്റ്റുകളും വീഡിയോകളും നീക്കിയ ഫെയ്‌സ്ബുക്ക് ട്രംപിന്റെ അക്കൗണ്ടിന് ആദ്യം 24 മണിക്കൂര്‍ വിലക്കേര്‍പ്പടെുത്തുകയും പിന്നീട് അത് അനിശ്ചിതകാല വിലക്കാക്കി മാറ്റുകയുമായിരുന്നു.
കഴിഞ്ഞയാഴ്ചയാണ് ഈ നടപടി ഫെയ്‌സ്ബുക്കിന്‍റെ വിദഗ്ദ സമിതിയായ ഓവര്‍സൈറ്റ് ബോര്‍ഡിന്‍റെ പരിശോധനയ്ക്കായി നല്‍കിയത്. സ്ഥാനാര്‍ഥികള്‍, ഉദ്യോഗസ്ഥര്‍, മുന്‍ ഉദ്യോഗസ്ഥര്‍ എന്നിവരുടെ അഭിപ്രായങ്ങളെ ഫെയ്‌സ്ബുക്ക് എങ്ങനെ കൈകാര്യം ചെയ്യണം എന്നത് സംബന്ധിച്ചാണ് ഓവര്‍സൈറ്റ് ബോര്‍ഡ് ജനങ്ങളില്‍ നിന്ന് അഭിപ്രായം തേടുക. അവരുടെ സ്ഥാനവും അധികാരവും, രാഷ്ട്രീയ പ്രതിപക്ഷത്തിന്റെ പ്രാധാന്യം, അറിയാനുള്ള ജനങ്ങളുടെ അവകാശം എന്നിവ കണക്കിലെടുത്തുകൊണ്ടുള്ള അഭിപ്രായങ്ങളാണ് സ്വീകരിക്കുക. ഫെബ്രുവരി എട്ടിന് മുമ്പ് അഭിപ്രായങ്ങള്‍ സമര്‍പ്പിക്കാനാണ് നിര്‍ദേശം.