ബുഡാപെസ്റ്റ് : യുക്രെയ്ന് ഒരു പൈസ പോലും നൽകില്ലെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്നോട് പറഞ്ഞതായി അവകാശപ്പെട്ട് ഹംഗറി പ്രധാനമന്ത്രി വിക്ടർ ഓർബൻ. ഓർബൻ, ട്രംപിനെ കാണാൻ വെള്ളിയാഴ്ച ഫ്ലോറിഡയിലേക്ക് പോയിരുന്നു. “അദ്ദേഹത്തിന് വളരെ വ്യക്തമായ കാഴ്ചപ്പാടുണ്ട്, അത് അംഗീകരിക്കാൻ പ്രയാസമാണ്. ഒന്നാമതായി, യുക്രെയ്ൻ-റഷ്യ യുദ്ധത്തിൽ അദ്ദേഹം ഒരു പൈസ പോലും നൽകില്ല’. ഓർബൻ വ്യക്തമാക്കി.
“അങ്ങനയെ യുദ്ധം അവസാനിക്കുകയുള്ളു. കാരണം യുക്രെയ്നിന് സ്വന്തം കാലിൽ നിൽക്കാൻ കഴിയില്ലെന്ന് വ്യക്തമാണ്. അമേരിക്കക്കാർ പണം നൽകിയില്ലെങ്കിൽ, ഈ യുദ്ധത്തിന് യൂറോപ്യന്മാർക്ക് മാത്രം പണം നൽകാൻ കഴിയില്ല. അങ്ങനെ മാത്രമാണ് യുദ്ധം അവസാനിക്കുന്നത്’. ഓർബെൻ കൂട്ടിച്ചേർത്തു.
റിപ്പബ്ലിക്കൻ പാർട്ടി അധികാരത്തിൽ തിരിച്ചെത്തുമെന്ന് അദ്ദേഹം പലപ്പോഴും പ്രത്യാശ പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഓർബൻ പറഞ്ഞു. റഷ്യ, യുക്രെയ്ൻ ആക്രമിച്ചതിനുശേഷം ക്രെംലിനുമായി ബന്ധം പുലർത്തുന്ന ഏക യൂറോപ്യൻ യൂണിയൻ നേതാവാണ് ഓർബൻ. അതേസമയം, ഓർബനുമായി കൂടിക്കാഴ്ച നടത്തിയതിന് ട്രംപിനെതിരെയുള്ള വിമർശനം യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ആവർത്തിക്കുകയും ചെയ്തു.