വാഷിംഗ്ടണ്‍: ലബനനിലെ സായുധ വിഭാഗമായ ഹിസ്ബുല്ലയെ മിടുക്കന്‍മാര്‍ എന്ന് വിശേഷിപ്പിക്കുകയും ഇസ്രായേലിനെ വിമർശിക്കുകയും ചെയ്ത അമേരിക്കന്‍ മുന്‍ പ്രസിഡന്‍റ് ട്രംപിനെതിരെ റിപ്പബ്ലിക്കൻ പ്രസിഡന്‍റ് സ്ഥാനാർഥി റോൺ ഡിസാന്‍റിസ്. പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ആരായാലും നമ്മുടെ സുഹൃത്തും സഖ്യകക്ഷിയുമായ ഇസ്രായേലിനെ അധിക്ഷേപിക്കുന്നത് തികച്ചും അസംബന്ധമാണെന്ന് ഡിസാന്‍റിസ് എക്സില്‍ കുറിച്ചു.തീവ്രവാദികൾ കുറഞ്ഞത് 1,200 ഇസ്രായേലികളെയും 22 അമേരിക്കക്കാരെയും കൊലപ്പെടുത്തിയെന്നും അതിലും കൂടുതല്‍ പേരെ ബന്ദികളാക്കിയെന്നും ട്വീറ്റില്‍ പറയുന്നു. ഇസ്രായേലിനൊപ്പം നില്‍ക്കുമെന്നും ഭീകരരോട് ഭീകരരോടെന്ന പോലെ പെരുമാറുമെന്നു ഫ്ലോറിഡ ഗവര്‍ണര്‍ കൂടിയായ ഡിസാന്‍റിസ് പറഞ്ഞു. ഫ്‌ളായിലെ വെസ്റ്റ് പാം ബീച്ചിൽ ട്രംപ് നടത്തിയ പ്രസംഗത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
ഇസ്രായേലിനെതിരായ ഹമാസ് ആക്രമണത്തില്‍ ബൈഡന്‍ ഭരണകൂടത്തെ കുറ്റപ്പെടുത്തിയ ട്രംപ് ബൈഡനെ ദുര്‍ബലനായി കണക്കാക്കുന്നതിനാലാണ് ആക്രമിക്കാന്‍ ഹമാസ് ധൈര്യപ്പെട്ടതെന്നാണ് പറഞ്ഞത്. ഇസ്രായേലിന്‍റെ ബലഹീനതകൾ വെളിപ്പെടുത്തിയതിന് ഇസ്രായേലി, യുഎസ് സർക്കാർ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തിയ ട്രംപ് ഇത് ഹിസ്ബുല്ലയുടെ ആക്രമണത്തെ പ്രകോപിപ്പിച്ചുവെന്നും പറഞ്ഞു. ഇസ്രായേലിന്‍റെ ബദ്ധവൈരിയായ ഹിസ്ബുല്ലയെ അദ്ദേഹം ‘സ്മാര്‍ട്’ എന്നാണ് വിശേഷിപ്പിച്ചത്. ഇസ്രായേലിനെതിരായ ആക്രമണത്തില്‍ നെതന്യാഹുവിന് വലിയ പങ്കുണ്ടെന്നും അദ്ദേഹവും ഇസ്രായേലും ഒട്ടും സജ്ജമായിരുന്നില്ലെന്നും ട്രംപ് കുറ്റപ്പെടുത്തിയിരുന്നു. താനായിരുന്നു പ്രസിഡന്‍റെങ്കില്‍ ഇസ്രായേലിലെ ഭീകരാക്രമണം യുഎസ് കണ്ടെത്തി തടയുമായിരുന്നുവെന്നും അവകാശപ്പെട്ടു.