റോം : ഇറ്റാലിയന്‍ ദ്വീപായ ലാംപെഡുസ ലക്ഷ്യമിട്ട് ടുണീഷ്യയിലെ എസ്ഫാക്സില്നിന്ന് അഭയാര്‍ഥികളുമായി പോയ ബോട്ട് മുങ്ങി 41 പേര്‍ക്ക് ദാരുണാന്ത്യം. ടുണീഷ്യന്‍ തീരത്തിന് സമീപം സിദി മന്‍സൂറിനോടു ചേര്‍ന്നാണ് അപകടം. ഉള്‍ക്കടലില്‍ ശക്തമായ കാറ്റിലകപ്പെട്ടാണ് ബോട്ട് തകര്‍ന്നത്. ഒരു കുട്ടിയുള്‍പെടെ 41 പേരുടെ മൃതദേഹങ്ങള്‍ കണ്ടത്തിയതായി ടുണീഷ്യന്‍ തീരദേശ സേന വ്യക്തമാക്കി. അതെ സമയം മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
ആഫ്രിക്കന്‍ – ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും യൂറോപ് ലക്ഷ്യമിട്ട് നീങ്ങുന്ന ആയിരക്കണക്കിന് അഭയാര്‍ഥികള്‍ പ്രധാനമായി ഉപയോഗിക്കുന്ന കേന്ദ്രങ്ങളിലൊന്നാണ് എസ്ഫാക്സ്. കഴിഞ്ഞ മാസവും ഇതേ തീരത്തുനിന്ന് പുറപ്പെട്ട ബോട്ട് മുങ്ങി 39 പേര്‍ മരിച്ചിരുന്നു. അതെ സമയം കഴിഞ്ഞ വര്‍ഷം 60 പേരുടെ ജീവനാണ് ദുരന്തത്തില്‍ പൊലിഞ്ഞത്.
ആഫ്രിക്കയിലുംമറ്റും കൊടിയ പട്ടിണിയില്‍ മുങ്ങി ജീവിതത്തിന്‍റെ മറുകരയിലെത്താന്‍ ആയിരങ്ങളാണ് നാടുവിടുന്നത്. കഴിഞ്ഞ വര്‍ഷം ടുണീ്ഷ്യയില്‍നിന്ന് ഇങ്ങനെ കടല്‍ കടക്കുന്നവരുടെ എണ്ണം മൂന്നിരട്ടിയായി വര്‍ധിച്ചതായി യു.എന്‍ അഭയാര്‍ഥി ഏജന്‍സി വെളിപ്പെടുത്തുന്നു. ഇതുവരെയായി ഇറ്റലിയിലെത്തിയ കുടിയേറ്റക്കാരുടെ എണ്ണം 8,500 ലേറെയാണ്. ഇവരില്‍ ഏറ്റവും കൂടുതല്‍ ടുണീഷ്യയില്‍നിന്നാണ്.