അങ്കാറ: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ ഇന്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിക്കണമെന്ന ആവശ്യവുമായി തുർക്കി. ഗാസയിലേക്ക് മാനുഷിക സഹായവുമായി പോയ ഗ്ലോബൽ സുമൂദ് ഫ്ലോട്ടിലയിലെ കപ്പലുകൾക്ക് നേരെ അന്താരാഷ്ട്ര സമുദ്രത്തിൽ നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് തുർക്കിയുടെ നീക്കം. നെതന്യാഹുവിനും ഇസ്രയേൽ ഉന്നത ഉദ്യോഗസ്ഥൻ അഫെക് മോസ്കോവിച്ചിനുമെതിരെ തുർക്കി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതായി നീതിന്യായ മന്ത്രി അകിൻ ഗുർലേക് അറിയിച്ചു. ഇരുവരെയും അന്താരാഷ്ട്രതലത്തിൽ അറസ്റ്റ് ചെയ്യുന്നതിനായി ഇന്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് നീതിന്യായ മന്ത്രാലയം നടപടികൾ ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട രേഖകൾ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്.
മനുഷ്യത്വരഹിതമായ കുറ്റകൃത്യങ്ങൾ, വംശഹത്യ, നിയമവിരുദ്ധ തടങ്കൽ, ബോധപൂർവം പരിക്കേൽപ്പിക്കൽ, പീഡനം തുടങ്ങിയ ഗുരുതര കുറ്റങ്ങളാണ് തുർക്കി ആരോപിക്കുന്നത്. ഗാസയിലേക്ക് സഹായവുമായി പോയ സന്നദ്ധപ്രവർത്തകരെ അന്താരാഷ്ട്ര സമുദ്രത്തിൽ തടയുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്ത നടപടിയും കുറ്റാരോപണങ്ങളുടെ ഭാഗമാണ്.





























